ദുരൂഹം,​ അലാസ്‌ക ട്രയാംഗിൾ,​ കാണാതായത് 20,000 മനുഷ്യരെ

Sunday 08 September 2024 7:06 AM IST

ന്യൂയോർക്ക്: ബർമുഡാ ട്രയാംഗിൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ബർമുഡാ ട്രയാംഗിളിനെ പറ്റി നിഗൂഢമായ തിരോധാന കഥകൾ ഏറെയുണ്ട്. അറ്റ്‌ലാൻഡിക് സമുദ്രത്തിൽ മയാമി, പോർട്ടറീക്കോ, ബർമുഡ തീരങ്ങൾക്കിടയിലുള്ള ബർമുഡാ ട്രയാംഗിൾ മേഖലയിലൂടെ കടന്ന് പോയ കപ്പലുകളോ വിമാനങ്ങളോ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്നാണ് ചരിത്രം.

ഭീമൻ ചുഴി, അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം, ഭൂമിയുടെ ഗുരുത്വാകർഷണം തുടങ്ങി നിരവധി കാരണങ്ങളാണ് ഈ തിരോധാനങ്ങൾക്ക് പിന്നിൽ പ്രചരിക്കുന്നത്. ബർമുഡാ ട്രയാംഗിളിനെ പോലെ ഒരു നിഗൂഢ മേഖല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുമുണ്ട്. 'അലാസ്ക ട്രയാംഗിൾ" എന്നാണ് ഇത് അറിയപ്പെടുന്നത്. അമേരിക്കൻ സംസ്ഥാനമായ അലാസ്കയുടെ വടക്കേ തീരത്തുള്ള ഉട്ട്കിയാവിക് നഗരത്തിന് സമീപമാണ് അലാസ്ക ട്രയാംഗിൾ മേഖല.

1970കളുടെ തുടക്കം മുതൽ ഇവിടെ 20,000ത്തിലേറെ പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നാണ് പറയപ്പെടുന്നത്. ജനവാസം തീരെ കുറ‌ഞ്ഞ വനപ്രദേശമാണിവിടം. യു.എസ് ജനപ്രതിനിധി സഭാംഗങ്ങളായിരുന്ന തോമസ് ഹെയ്ൽ ബോഗ്സ് സീനിയർ, നിക്ക് ബെഗിച്ച് എന്നിവർ അലാസ്ക ട്രയാംഗിളിൽ കാണാതായ പ്രമുഖരിൽ ഉൾപ്പെടുന്നു.

1972 ഒക്ടോബർ 16ന് ഇരുവരും സഞ്ചരിച്ച വിമാനം ഇവിടെ വച്ച് അപ്രത്യക്ഷമായി. ശക്തമായ തെരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെയോ മൃതദേഹങ്ങളുടെയോ യാതൊരു സൂചനയും ലഭിച്ചില്ല. 1970കളിൽ മേഖലയിൽ വേട്ടയ്‌ക്കിടെ ഗാരി ഫ്രാങ്ക് സതർഡെൻ എന്ന 25കാരൻ അപ്രത്യക്ഷമായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വടക്കുകിഴക്കൻ അലാസ്കയിലെ പോർക്യൂപൈൻ നദീതീരത്ത് നിന്ന് ഒരു മനുഷ്യ തലയോട്ടി ലഭിച്ചു. 2022ൽ ഇത് സതർഡെന്നിന്റേതാണെന്ന് കണ്ടെത്തി.

സതർഡെനെ ഒരു പക്ഷേ, കരടി കൊന്നതാകാമെന്ന് കരുതുന്നു. ഇത്തരത്തിൽ നിരവധി തിരോധാനക്കഥകൾ അലാസ്ക ട്രയാംഗിളിന് പറയാനുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന അലാസ്കയുടെ ഭൂപ്രകൃതിയാകാം തിരോധാനങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു. പർവ്വതങ്ങളും കാടും നിറഞ്ഞ ഇവിടെ വഴിതെറ്റി പോകുന്നവർ വന്യമൃഗങ്ങൾക്ക് മുന്നിൽപെടാനുള്ള സാദ്ധ്യതയേറെയാണ്.

അതേ സമയം, അലാസ്ക ട്രയാംഗിളിൽ അസാധാരണമായ കാന്തിക പ്രവർത്തനമോ നിഗൂഢ ജീവികളോ മറഞ്ഞിരിക്കുന്നുണ്ടെന്ന് ചിലർ വാദിക്കുന്നു. അന്യഗ്രഹ ജീവികൾ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് മറ്റൊരു കഥ.