ആദ്യ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിംഗും; താരദമ്പതികൾക്ക് ആശംസയുമായി ആരാധകർ

Sunday 08 September 2024 2:40 PM IST

മുംബയ്: ആദ്യ കൺമണിയെ വരവേറ്റ് ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും. ഇവർക്ക് പെൺകുഞ്ഞ് പിറന്നതായി അടുത്ത വൃത്തങ്ങളാണ് അറിയിച്ചത്. ഇന്നലെ വൈകുന്നേരം ദീപികയെ മുംബയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്‌ച ഇരുവരും കുടുംബത്തോടൊപ്പം മുംബയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു.

ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും പങ്കുവച്ചത്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു താരങ്ങൾ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഏറെവർഷത്തെ പ്രണയത്തിനുശേഷം 2018ലാണ് ഇരുവരും വിവാഹിതരായത്.

കഴിഞ്ഞദിവസം പുറത്തുവന്ന ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. നിറവയറുമായുള്ള ദീപീകയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിറഞ്ഞ ചിരിയോടെയാണ് ചിത്രങ്ങളിൽ ബോളിവുഡിലെ പവർ കപ്പിൾസിനെ കാണാൻ കഴിയുന്നത്.

അതേസമയം, കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടി അഭിനയിച്ച നാല് സിനിമകൾ ചേർന്ന് 3200 കോടിയാണ് നേടിയത്. 2023ൽ പഠാനിലൂടെയാണ് ദീപിക ഈ ജൈത്രയാത്ര തുടങ്ങിയത്. ആഗോളതലത്തിൽ ആയിരം കോടിയിലധികം സിനിമ നേടി. ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രമായിരുന്നു ഇത്. രണ്ടാമത്തെ സിനിമ ജവാനായിരുന്നു. പഠാനേക്കാൾ വലിയ വിജയം ജവാൻ നേടി. 1100 കോടിയിലേറെ സ്വന്തമാക്കിയ ജവാൻ നടിയുടെ കരിയർ ബെസ്റ്റ് സിനിമയായിട്ടാണ് കണക്കാക്കുന്നത്. ദീപികയും രൺവീറും ഏറ്റവും ഒടുവിൽ ഒരുമിച്ചഭിനയിച്ച സിങ്കം എഗെയിൻ എന്ന ചിത്രം ഈ വർഷം നവംബറിൽ പുറത്തിറങ്ങും.