25 ടാങ്കറുകളിൽ സൗജന്യ ജല വിതരണം: മേൽനോട്ടത്തിന് ഉദ്യോഗസ്ഥ സംഘം

Monday 09 September 2024 3:38 AM IST

 പരാതികൾക്ക് നഗരസഭയിൽ പ്രത്യേക കൺട്രോൾ റൂം

തിരുവനന്തപുരം: കുടിവെള്ള വിതരണ പ്രതിസന്ധി മറികടക്കാൻ പ്രത്യേക ഡ്രൈവുമായി നഗരസഭ. കുടിവെള്ളമില്ലാത്ത പ്രദേശങ്ങളിൽ നിലവിൽ 25 ടാങ്കറുകളിൽ സൗജന്യമായി കുടിവെള്ളമെത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ 25 ടാങ്കറുകൾ കൂടി സജ്ജീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

ഓരോവാർഡിലെയും കൗൺസിലർമാരുടെ നിർദ്ദേശമനുസരിച്ചാണ് വാടകയ്ക്കെടുത്ത ടാങ്കറുകളിൽ ജല വിതരണം നടത്തുന്നത്. വഞ്ചിയൂർ,കഴക്കൂട്ടം എന്നിവിടങ്ങളിൽ 3000 ലിറ്ററിന്റെ ടാങ്കുകൾ സ്ഥാപിച്ച് അതുവഴിയും ജല വിതരണം നടത്തുന്നു. 33 വാർഡിൽ പൂർണമായും 11 വാർഡിൽ ഭാഗികമായുമാണ് പ്രതിസന്ധിയെങ്കിലും എല്ലാവാർഡിലും ജലവിതരണം നടത്താനാണ് നഗരസഭയുടെ തീരുമാനം.

ഓൺലൈൻ ബുക്കിംഗ്

പഴയ പോലെ തന്നെ

നഗരസഭയുടെ ടാങ്കറുകൾ ഓൺലൈൻ ബുക്കിംഗ് വഴി ജലവിതരണം നടത്തുന്നത് കൊണ്ട് ആ വാഹനങ്ങളെ ഈ വിതരണത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പഴയത് പോലെ പണമടച്ച് ഓൺലൈനായി ബുക്ക് ചെയ്‌താൽ ടാങ്കറിൽ വെള്ളം സ്ഥലത്തെത്തിക്കുമെന്ന് നഗരസഭ അറിയിച്ചു.

പ്രത്യേക കൺട്രോൾ റൂം

കുടിവെള്ള പ്രശ്നത്തിന് നഗരസഭയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവർക്ക് ഏതുസമയവും കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 9447377477,8590036770

30 ഉദ്യോഗസ്ഥരും ജീവനക്കാരടങ്ങുന്ന സംഘം

മൂന്ന് ഹെൽത്ത് സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,തൊഴിലാളികൾ ഉൾപ്പടെ 30 പേരടങ്ങുന്ന വലിയ സംഘത്തെയാണ് 24 മണിക്കൂറും ജല വിതരണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

മേൽനോട്ടം വഹിച്ച് മേയർ

വെള്ളം കുടി മുട്ടിച്ച വാട്ടർ അതോറിട്ടിയോട് നഗരസഭയ്‌ക്ക് അതൃപ്തിയുണ്ട്. വെള്ളം മുടങ്ങുന്നതിന് വാട്ടർ അതോറിട്ടിയേക്കാൾ പഴി കേൾക്കുന്നത് നഗരസഭയ്‌ക്കാണ്. പരാതി പ്രളയമായപ്പോഴാണ് ഇന്നലെ രാവിലെ മുതൽ മേയർ ആര്യാരാജേന്ദ്രൻ തന്നെ അറ്റകുറ്റപ്പണിക്കും ജലവിതരണത്തിനുമായി രംഗത്തിറങ്ങിയത്. രാവിലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗത്തിനുശേഷം രാത്രി വരെ മേയർ അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് ജോലികൾ വിലയിരുത്തി.

662 ലോഡുകളായിട്ട് 25.90 ലക്ഷം ലിറ്റർ വിതരണം ചെയ്തു

മുന്നൊരുക്കമില്ല

കൂടുതൽ ദിവസം ജലവിതരണം തടസപ്പെടുമ്പോൾ അതിന് പ്രത്യേക മുന്നൊരുക്കം വേണമെന്നാണ് ചട്ടം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവുമായി ഏകോപനം നടത്തി വാട്ടർ അതോറിട്ടി മുന്നൊരുക്കങ്ങൾ നടത്തണം. തലസ്ഥാനത്ത് മുന്നൊരുക്കം പാളിപ്പോയി. വാട്ടർ അതോറിട്ടിയുടെ ആശയവിനിമയത്തിലെ വീഴ്ചകാരണം കൂടുതൽ ടാങ്കറുകളെത്തിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.

ജല വിതരണം പുനഃസ്ഥാപിക്കും വരെ നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തും. ജനങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാൽ പരിഹാരമുണ്ടാകും.

മേയർ ആര്യാരാജേന്ദ്രൻ

Advertisement
Advertisement