ലൈംഗികാതിക്രമ പരാതികള്‍ മാദ്ധ്യമങ്ങളില്‍ പറയരുത്, നടി രോഹിണി അദ്ധ്യക്ഷയായ കമ്മിറ്റി രൂപീകരിച്ചു

Sunday 08 September 2024 9:52 PM IST

ചെന്നൈ: തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം കമ്മിറ്റി രൂപീകരിച്ചു. നടി രോഹിണിയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷ. 2019 മുതലുള്ള കമ്മിറ്റി കൂടുതല്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. പരാതികളുമായി സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഇഫക്ട് ആണ് തമിഴ് സിനിമ ലോകത്തേക്കും എത്തിയിരിക്കുന്നത്.

തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ പരിശോധിക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം പത്തു ദിവസത്തിനകം കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറിയായ നടന്‍ വിശാല്‍ ആഗസ്റ്റ് 29ന് അറിയിച്ചിരുന്നു. സംഘത്തിന്റെ 68ാമത് പൊതു യോഗം ഇന്നലെ തേനാംപേട്ട കാമരാജര്‍ അങ്കണത്തില്‍ നടന്നത്. പ്രസിഡന്റ് നാസിന്റെ അദ്ധ്യക്ഷതയില്‍ ചേന്ന യോഗത്തില്‍ ഭാരവാഹികളുടെ കലാവധി 3 വര്‍ഷമായി നീട്ടി.

തമിഴ് സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരേ ലൈംഗികാതിക്രമം നടക്കാറില്ലെന്ന് സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്‌സി) പ്രസിഡന്റുമായ ആര്‍.കെ. സെല്‍വമണി. ചിലപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കാന്‍ ഫെഫ്‌സി പോലെയുള്ള സംഘടനകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരാതി മാദ്ധ്യമങ്ങളില്‍ പറയരുത്

സിനിമാ രംഗത്ത് പരാതിയുള്ള വനിതകള്‍ അത് കമ്മിറ്റിക്കു മുന്നിലാണ് പറയേണ്ടതെന്നും ടി.വി.ചാനലുകളില്‍ പറയരുതെന്നും രോഹിണി പറഞ്ഞു.അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികര്‍സംഘം ഉറപ്പാക്കും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പൊലീസിന് കൈമാറും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും.

Advertisement
Advertisement