'രാക്ഷസൻ' ചിത്രത്തിന്റെ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു
ചെന്നൈ: തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു (50) അന്തരിച്ചു. ഇന്ന് പുലർച്ചെ 12.30ഓടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലി ബാബുവിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാ മേഖലയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
രാവിലെ 10.30ഓടെ ദില്ലിയുടെ ഭൗതിക ശരീരം ചെന്നൈ പെരുങ്ങലത്തൂരിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് നാലരയ്‌ക്കാണ് സംസ്‌കാരം. ദില്ലി ബാബുവിന്റെ വിയോഗത്തിൽ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമാതാവ് എസ് ആർ പ്രഭു സമൂഹമാദ്ധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ' നിരവധി യുവാക്കൾക്കും പുത്തൻ പ്രതിഭകളെയും ഒരുപാട് സഹായിച്ച വ്യക്തിയാണ് അദ്ദേഹം. സിനിമാ വ്യവസായത്തിന് തന്നെ വലിയ നഷ്‌ടമാണ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു ', എന്നാണ് പ്രഭു കുറിച്ചത്. നിർമാതാവ് ജി ധനഞ്ജയൻ ഉൾപ്പെടെ മറ്റ് പ്രമുഖരും അനുശോചനം അറിയിച്ചു.
ആക്‌സസ് ഫിലിം ഫാക്‌ടറി എന്ന ബാനറിൽ നിരവധി മിഡ് ബഡ്‌ജറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമാതാവാണ് ദില്ലി ബാബു. 2015ൽ പുറത്തിറക്കിയ ഉറുമീസ് ആയിരുന്നു ആദ്യ ചിത്രം. മരദഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളെ, ബാച്ച്‌ലർ, മിറൽ, കൾവൻ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. കഴിഞ്ഞ മാസമാണ് കൾവൻ റിലീസായത്.
മിഡ് ബഡ്‌ജറ്റ് ചിത്രങ്ങളിലൂടെ നിരവധി പുതുമുഖ സംവിധായകന്മാർക്ക് അദ്ദേഹം അവസരം നൽകി. 2018ൽ പുറത്തിറങ്ങിയ രാക്ഷസൻ ആ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു. വിവിധ ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്‌തു.