പുടിനോട് അക്കാര്യം തുറന്നുപറഞ്ഞ ഏക ലോകനേതാവ് മോദിയാണ്, ഇന്ത്യയുടെ തീരുമാനത്തെ ഉറ്റുനോക്കി ലോകം

Monday 09 September 2024 12:44 PM IST

'തോക്കിന്റെയും ബോംബിന്റെയും നടുവിൽ സമാധാനം ജയിക്കില്ല. ചർച്ചയും നയതന്ത്രവും മാത്രമാണ് വഴി.' കുറച്ച് നാൾ മുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സന്ദർശിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ഏറെനാളായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അവസാനമുണ്ടാക്കാൻ ഇന്ത്യയ്‌ക്കാകുമോ?​ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇക്കാര്യത്തിൽ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നതിന്റെ ലക്ഷണങ്ങളാണ് മാസങ്ങളായി കാണുന്നത്.

പുടിനെയും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെയും മോദി നേരിൽ കണ്ടിരുന്നു. ഈ ആഴ്‌ചതന്നെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ മോസ്‌കോയിലേക്ക് തിരിക്കുകയാണ്. മോദിയുടെ ദൂതനായി ഡോവൽ എത്തുമ്പോൾ യുദ്ധം മാറി സമാധാനം വരും എന്ന് പ്രതീക്ഷിക്കുന്നവ‌ർ ഏറെയുണ്ട്.

ഇന്ത്യ മദ്ധ്യസ്ഥത വഹിക്കണം എന്ന ആവശ്യം

ഇന്ത്യ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കണമെന്ന് പുടിനും സെലെൻസ്‌കിയും മുൻപും ആവശ്യപ്പെട്ടിട്ടുള്ളതാണ്. 'ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല.' എന്ന് പുടിനോടും സെലെൻസ്‌കിയോടും നേരിട്ട് പറഞ്ഞ ഏക ലോകനേതാവ് മോദിയാണ്. റഷ്യ-യുക്രെയ്‌ൻ സന്ദർശനവേളയിലാണ് ഇരു ലോകനേതാക്കളോടും മോദി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയ്‌ക്ക് യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയും പറഞ്ഞിരുന്നു.

സെപ്‌തംബർ 22-23 തീയതികളിൽ ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ളിയിൽ നടക്കുന്ന 'ഭാവിയുടെ ഉച്ചകോടി' പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്ക സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി മോദി. വിദേശകാര്യമന്ത്രി ജയ്‌ശങ്കർ ഇവിടെ സംസാരിക്കുമെങ്കിലും ജനറൽ അസംബ്ളിയിലെ പരിപാടിയിലാകും മോദി ശ്രദ്ധ കൊടുക്കുക.വിവിധ അംഗരാജ്യങ്ങൾ തമ്മിൽ ഭിന്നിപ്പിന്റെ പശ്ചാത്തലത്തിൽ നിലവിലെ വെല്ലുവിളികളെ അതിജീവിക്കാനും അതിനെ അഭിമുഖീകരിക്കാനും കഴിയുന്നതെങ്ങനെ എന്ന കാര്യമാണ് ചർച്ചയാകുന്നത്. ഇവിടെ മോദി എടുക്കുന്ന നിലപാട് തീർച്ചയായും ചർച്ചയാകും.

അമേരിക്കയുമായുള്ള ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സെ‌പ്‌തംബർ 21ന് പ്രസിഡന്റ് ജോ ബൈഡന്റെ നാടായ ഡെലവെയറിൽ മോദി എത്തുന്നുണ്ട്. ഇവിടെ റഷ്യ-യുക്രെയ്‌ൻ സന്ദർശന കാര്യം ചർച്ചയാകും എന്നാണ് കരുതുന്നത്.

അമേരിക്ക നൽകിയ സഹായം

അൽപനാൾ മുൻപാണ് റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്ന് കൂടുതൽ ആധുധങ്ങൾ യുഎസ് നൽകിയത്. അമേരിക്ക നൽകിയ എഫ് 16 വിമാനങ്ങൾ യുക്രെയ്ൻ ഉപയോഗിച്ചു തുടങ്ങിയതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. റഷ്യയുമായി യുദ്ധം ആരംഭിച്ച് 29 മാസങ്ങൾ പിന്നിടുമ്പോഴാണ് അത്യാധുനിക വിമാനം യുഎസ് യുക്രെയ്ന് നൽകുന്നത്. ഏറെനാളായുള്ള യുക്രെയ്‌ന്റെ ആവശ്യമായിരുന്നു എഫ് 16 വിമാനമെന്നും അത് രാജ്യത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നും രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങിയെന്നും സെലൻസ്‌കി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരത്തിൽ യുദ്ധസാഹചര്യം നിലനിൽക്കെ മോദിയുടെ സന്ദ‌ർശനം ഏറെ പ്രത്യേകതയാർന്നതാണ്.

സെലൻസ്‌കി-മോദി കൂടിക്കാഴ്‌ച

സെലൻസ്‌കിയെ കണ്ട മോദി രാജ്യത്തിന്റെ അഖണ്ഡതയ്‌‌ക്ക് വളരെയേറെ വിലകൽപ്പിക്കുന്നതായി പറഞ്ഞിരുന്നു. ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാട്ടിൽ നിന്നും സമാധാനസന്ദേശം വഹിച്ചാണ് താനെത്തിയതെന്ന് സെലൻസ്‌കിയെ മോദി അറിയിച്ചിരുന്നു. 'ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്, യുദ്ധത്തിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'. സമാധാനത്തിനായി തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്ന നിലപാടും അദ്ദേഹം പറഞ്ഞു.

സെലൻസ്‌കിയെ കണ്ട് മടങ്ങിയെത്തിയ മോദി ഓഗസ്‌റ്റ് 27ന് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. റഷ്യൻ എംബസിയും ഈ വിവരം സ്ഥിരീകരിച്ചു. ഈ ഫോൺകോളിന് പിന്നാലെയാണ് ഇപ്പോൾ അജിത് ഡോവലിനെ സമാധാന ദൗത്യത്തിനും നയതന്ത്ര ചർച്ചയ്‌ക്കുമായി മോസ്‌കോയിലേക്ക് അയയ്‌ക്കാൻ മോദി തീരുമാനിച്ചത്. ഇതുവരെ ഡോവലിന്റെ സന്ദർശനത്തിന്റെ ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല.

റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിൽ റഷ്യയ്‌ക്ക് ബന്ധമുള്ള മൂന്ന് രാജ്യങ്ങളാണ് ഉള്ളതെന്നാണ് പുടിൻ വെളിപ്പെടുത്തിയത്. അതിൽ ഇന്ത്യയുമുണ്ട്. ചൈന, ബ്രസീൽ, ഇന്ത്യ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകരാജ്യങ്ങൾ രണ്ട് പക്ഷമായി നിന്നാണ് സംഘർഷത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. അതേസമയം സമാധാനം എന്ന ഒരൊറ്റ വാക്കാണ് അന്നും ഇന്നും മോദി പറയുന്നത്. ഇത് യുദ്ധകാലമല്ല എന്ന തന്റെ അഭിപ്രായം മോദി ശക്തമായി തന്നെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.

വിവിധ ലോകരാജ്യങ്ങൾ ശ്രമിച്ചിട്ടും നടക്കാതെ വരുന്ന റഷ്യ-യുക്രെയ്‌ൻ സമാധാനം ഇന്ത്യയ്‌ക്ക് സാധിച്ചാൽ ലോക രാഷ്‌ട്രങ്ങളുമായി നയതന്ത്ര ബന്ധത്തിൽ ഇന്ത്യയ്‌ക്ക് വലിയ വിജയസാദ്ധ്യത കൽപ്പിക്കുന്നതിന് ഇടയാക്കും.