'വ്യക്തിപരമായ കാരണം ' ജയംരവി വിവാഹമോചിതനായി
ആരാധകരെ ഞെട്ടിച്ച് തമിഴ് നടൻ ജയം രവി വിവാഹമോചിതനായി. ജയം രവി തന്നെയാണ് ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത ആരാധകരെ അറിയിച്ചത്.
15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമിട്ടത്. 2009 ൽ ആയിരുന്നു ജയം രവിയുടെയും ആർതിയുടെയും വിവാഹം. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്.
ഒരുപാട് ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആർതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനുവേണ്ടിയാണ്. എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക എന്നത് തുടരും. ഞാൻ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും. ജയം രവിയുടെ വാക്കുകൾ. ഇരുവരും തമ്മിൽ പിരിയുമെന്ന് ഒരുവർഷമായി അഭ്യൂഹങ്ങളുമായിരുന്നു. ഇപ്പോഴും മാരീഡ് ടു ജയം രവി എന്ന ഇൻസ്റ്റഗ്രാം ബയോ ആർതി മാറ്റിയില്ല. ജയം രവിയുടെ ഇൻസ്റ്റഗ്രാമിലും ആർതിക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂൺ 20ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വർഷം പൂർത്തിയാക്കിയപ്പോൾ ആർതി പോസ്റ്റർ പങ്കുവച്ചിരുന്നു. എന്നാൽ പെട്ടെന്നുള്ള വിവാഹമോചന പ്രഖ്യാപനം ആരാധകരെയും നടുക്കി.