എ.ഡി.ജി.പി - ആർ.എസ്.എസ് ചർച്ചയിൽ തെറ്റില്ല: എ.എൻ. ഷംസീർ
കോഴിക്കോട്: എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ ആർ.എസ്.എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് എ.ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ല. ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ ചോദിച്ചു. ചാലപ്പുറത്തെ സജൻ ഓഡിറ്റോറിയത്തിൽ ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് നിരോധനം ഓർമ്മപ്പെടുത്തി മന്ത്രി രാജേഷ്
എ.ഡി.ജി.പി -ആർ.എസ്.എസ് നേതാവ് കൂടിക്കാഴ്ച്ചയെ ന്യായീകരിച്ച് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ അഭിപ്രായത്തെ പരോക്ഷമായി വിമർശിച്ച് മന്ത്രി എം.ബി.രാജേഷ്. ആർ.എസ്.എസിനെ നിരോധിച്ച കാലം ഓർമ്മ വേണമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ അദാലത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്. ആർ.എസ്.എസിനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായി അറിയാം. സർദാർ വല്ലഭായ് പട്ടേൽ നിരോധിച്ച സംഘടനയാണ് ആർ.എസ്.എസ്. രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കാമോ എന്ന പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ ട്രോളിയായിരുന്നു മന്ത്രിയുടെ മറുപടി. അദാലത്തിന് വന്നാൽ അദാലത്തിന്റെ കാര്യമേ ചോദിക്കാവൂ എന്ന് പറയില്ല എന്നായിരുന്നു ഉത്തരം.