അജിത്തിനെതിരെ വീണ്ടും അൻവർ രാഷ്ട്രീയ അട്ടിമറിക്കും കൂട്ടുനിന്നു

Tuesday 10 September 2024 1:33 AM IST

മലപ്പുറം: എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്തണമെന്ന് പി.വി.അൻവർ എം.എൽ.എ. ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കും. മാറ്റിനിറുത്തിയാലും അജിത്കുമാറിന്റെ നീക്കങ്ങൾ ഇന്റലിജൻസിലെ ഉദ്യോഗസ്ഥർ നിരീക്ഷിക്കണം. പരാതികൾ അന്വേഷിക്കട്ടെയെന്നും അസത്യമെങ്കിൽ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടത്തണമെന്നൊക്കെ പറ‌ഞ്ഞ് പുകമറ സൃഷ്ടിച്ച് കേസ് വഴിതിരിച്ചുവിടാൻ അജിത്കുമാർ ശ്രമിക്കുന്നുണ്ട്. അജിത്തിനെ സ്ഥാനത്ത് നിലനിറുത്തുന്നത് തന്നെ കുടുക്കാനാണ്.

അജിത്കുമാർ ചുമതലയിൽനിന്ന് തെറിക്കുന്നതോടെ ഒരുപാട് ഉദ്യോഗസ്ഥരടക്കം തെളിവുകളുമായി രംഗത്തുവരും. രാഷ്ട്രീയമായ അട്ടിമറിക്കും അജിത്കുമാർ കൂട്ടുനിന്നിട്ടുണ്ട്. കേരളം സത്യമറിയാൻ കാതോർത്തിരുന്ന ചില കേസുകൾ അജിത്കുമാറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടു. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയക്കേസുകൾ ഇക്കൂട്ടത്തിലുണ്ട്. ഒരു സർക്കാരിനെ,​ ഒരു മുന്നണിയെ,​ ഒരു പാർട്ടിയെപോലും ബാധിക്കാൻ സാദ്ധ്യതയുള്ളവയാണിവ. സത്യവിരുദ്ധമായി ചില കേസുകൾ ക്ലോസ് ചെയ്തു.

ഇനിയും അജിത്കുമാറിനെ ആ സ്ഥാനത്തിരുത്തിയാൽ കേസന്വേഷിക്കുന്ന അദ്ദേഹത്തിന്റെ താഴെയുള്ളതോ സമന്മാരോ ആയ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കുറയും. മലപ്പുറം എസ്.പിയായിരിക്കെ സുജിത്ദാസ് അരീക്കോട് എം.എസ്.പി ക്യാമ്പിലെ എ.ടി.എസ് സംവിധാനം ഉപയോഗപ്പെടുത്തി മാവോയിസ്റ്റ് വേട്ടയുടെ മറവിൽ തന്റെ ഫോൺ ചോർത്തി.

മുഖ്യമന്ത്രിയുടെ വീട്ടിലെ അടിച്ചുവാരുന്ന സ്ത്രീയുടെവരെ ഫോൺ ചോർത്തി. മോഹൻദാസെന്ന പൊലീസ് ഉദ്യോഗസ്ഥനെ മൂന്നിലധികം വർഷം ഫോൺ ചോ‌ർത്തലിന് സുജിത്ദാസ് ഉപയോഗിച്ചു. 1995ലെ മനാഫ് കൊലക്കേസടക്കം തന്റെ ജീവചരിത്രം ക്രോഡീകരിച്ച് ഒരുസിനിമ പോലെ വരാൻ പോവുന്നുണ്ട്. അതിലൊന്നും ഭയമില്ല.

രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടിയില്ല

പി.ശശിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അൻവർ പ്രതികരിച്ചില്ല. രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഇനി മറുപടിയില്ല. വിശ്വസ്തർ ചതിച്ചാൽ മുഖ്യമന്ത്രിയല്ല,​ പ്രധാനമന്ത്രിയായാലും ഒന്നുംചെയ്യാനാവാതെ നിസ്സഹായരാവും. ഐ.ജിക്ക് താൻ കൊടുത്ത മൊഴിയിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കുപുറമേ ചില കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement