മനുഷ്യക്കടത്ത്:പ്രതി അറസ്റ്റിൽ

Tuesday 10 September 2024 1:14 AM IST

ചിറ്റൂർ: ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിൽ എത്തിച്ച് ക്രൂരമായ അടിമപ്പണിക്കും വില്പനക്കും വിധേയരായ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ എംബസി മുഖേന മോചനം. ഇവരെ കംബോഡിയയിലേക്ക് കടത്തിയ കണ്ണിയിൽ ഉൾപ്പെട്ട ചിറ്റൂർ നീർക്കോട് സ്വദേശി എം.നിഖിൽദാസിനെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ മകൻ അഭിലാഷിന് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് കാണിച്ച് കല്ലടിക്കോട് കുന്നത്തുകാട് വിനോദ് നൽകിയ പരാതിയിലാണ് അറസ്റ്റ് .
കംബോഡിയയിൽ കാൾ സെന്റർ ജോലി വാഗ്ദാനം ചെയ്താണ് നിഖിൽദാസും മറ്റൊരാളും ചേർന്ന് അഭിലാഷിൽ നിന്ന് 4.2 ലക്ഷം രൂപ കൈപ്പറ്റിയത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് നടത്താനുള്ള കാൾ സെന്ററിലാണ് ജോലിയെന്ന് മനസിലായത്. കമ്പനി ഗോഡൗണിൽ ഇരുപതോളം ഇന്ത്യക്കാരുണ്ടായിരുന്നു.
തട്ടിപ്പ് കമ്പനിയുടെ ഏജന്റ് മുഖേന മറ്റൊരിടത്തേയ്ക്കു കൊണ്ടുപോകുന്നതിനിടെ കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യക്കാരനായ ഒരാളുടെ ഫോണിൽ നിന്ന് ബ്രിട്ടനിലുള്ള സഹോദരനെ അഭിലാഷ് കാര്യങ്ങൾ വിളിച്ചറിയിച്ചു. ഒപ്പം ലൊക്കേഷനും അയച്ചു കൊടുത്തു. ഇതോടെയാണ് അടിമപ്പണിയും മനുഷ്യ വിൽപ്പനയും പുറംലോകമറിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ അവിടെ എത്തി വിദേശികളായ 3 പ്രതികളെ അറസ്റ്റ് ചെയ്യുകയും അഭിലാഷ് ഉൾപ്പെടെ14 ഇന്ത്യക്കാരെ എംബസിയിലേക്ക് എത്തിക്കുകയും ചെയ്തു. അഭിലാഷിൽ നിന്ന് വീഡിയോകോൾ വഴി മൊഴിയെടുത്താണ് ചിറ്റൂർ പൊലീസ് നിഖിൽദാസിനെ അറസ്റ്റ് ചെയ്തതത്. വിദേശത്തേക്ക് യുവാക്കളെ കയറ്റി അയച്ചു മനുഷ്യക്കടത്തിനു കൂട്ട് നിൽക്കുകയും അതിന്റെ കമ്മീഷൻ പറ്റുകയും ചെയ്തുവെന്നാണ് കേസ്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ചിറ്റൂർ ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ ചിറ്റൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.മാത്യു, സബ് ഇൻസ്‌പെക്ടർ ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശബരി, സമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement