കോൺഗ്രസ് സഖ്യമില്ല, ഹരിയാനയിൽ 20 പേരെ പ്രഖ്യാപിച്ച് ആം ആദ്‌മി

Tuesday 10 September 2024 1:40 AM IST

ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യ ചർച്ച പരാജയപ്പെട്ടതോടെ ഹരിയാനയിൽ ആംആദ്‌മി പാർട്ടി 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 90 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനം.

പത്ത് സീറ്റ് വേണമെന്ന ആംആദ്‌മി ആവശ്യത്തിന് കോൺഗ്രസ് വഴങ്ങായിരുന്നതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടത്. ഏഴു സീറ്റ് നൽകാമെന്നായിരുന്നു കോൺഗ്രസ് നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മിക്ക് നൽകിയ കുരുക്ഷേത്രയിൽ തോറ്റതിനാൽ കൂടുതൽ സീറ്റ് നൽകാനാകില്ലെന്നും തീർത്തുപറഞ്ഞു.

12ന് നാമനിർദ്ദേശ പത്രിക നൽകണമെന്നിരിക്കെ തങ്ങൾക്ക് മറ്റു വഴിയില്ലെന്ന് ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിച്ച സഞ്ജയ് സിംഗ് എം.പി പറഞ്ഞു. സഖ്യത്തിനായി തങ്ങൾ സത്യസന്ധമായി കാത്തിരുന്നുവെന്ന് ആംആദ്‌മി ഹരിയാനാ അദ്ധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞു.

ഹരിയാനയിൽ 'ഇന്ത്യ'മുന്നണി സഖ്യം വേണമെന്ന രാഹുൽ ഗാന്ധിയുടെ നിർബന്ധത്തെ തുടർന്നാണ് ചർച്ച തുടങ്ങിയത്. കോൺഗ്രസ് ഘടകത്തിന് യോജിപ്പില്ലായിരുന്നു.

Advertisement
Advertisement