"അയാളെ തക്കതായ രീതിയിൽ കൈകാര്യം ചെയ്‌തു, സിനിമ നഷ്ടമായി"; ദുരനുഭവം വെളിപ്പെടുത്തി ഗോകുൽ സുരേഷ്
കാസ്റ്റിംഗ് കൗച്ചും മറ്റും നടക്കുന്നത് മലയാളത്തിൽ മാത്രമല്ലെന്ന് ഗോകുൽ സുരേഷ്. കാസ്റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു നടന് ചിലപ്പോൾ സിനിമ നഷ്ടപ്പെടാമെന്നും അതിന് സമാനമായ അവസ്ഥയിലൂടെ താൻ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
'കാസ്റ്റിംഗ് കൗച്ചിനെ തടയുന്നൊരു മെയിൽ ആക്ടറിന് ചിലപ്പോൾ സിനിമ നഷ്ടപ്പെടാം. അതിനുസമാനമായ അവസ്ഥയിലേക്ക് ഞാൻ പോയിട്ടുണ്ട്. എന്റെ തുടക്കക്കാലത്ത്. എനിക്കതൊന്നും ചർച്ച ചെയ്യാൻ താത്പര്യമില്ല. കാരണം കാസ്റ്റിംഗ് കൗച്ച് ഇനീഷ്യേറ്റ് ചെയ്ത ആളെ തക്കതായ രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇങ്ങനത്തൊരു ദുഷ്‌പ്രവണത ഒരു ലേഡിയെ മാത്രമല്ല എന്നെയും ബാധിച്ചു.
യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് അത്ര അറിവില്ലാത്ത ജനതയ്ക്ക് സോഷ്യൽ മീഡിയ എന്താണോ വിളമ്പുന്നത് അത് മാത്രമേ മനസിലാകുകയുള്ളൂ. ഇതിലൂടെ ജനങ്ങൾക്ക് ഒരു മേഖലയോടുള്ള കാഴ്ചപ്പാട് പെട്ടന്ന്തന്നെ മാറാം. ഇരകളായവർക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. അതൊരു ജെനുവിൻ കേസാണെങ്കിൽ. പക്ഷേ നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്ന നിവിൻ ചേട്ടനെപ്പോലൊരാൾ ഇരയായതിൽ വിഷമമുണ്ട്.'- ഗോകുൽ സുരേഷ് വ്യക്തമാക്കി. പോസ്റ്റുകളുടെ ചുവട്ടിൽ വരുന്ന കമന്റുകളെക്കുറിച്ചും ഗോകുൽ സുരേഷ് വെളിപ്പെടുത്തി. 'അസഭ്യം പറയുന്നവരെയൊക്കെ കായികപരമായി നേരിടണമെന്നാണ് എന്റെ അഭിപ്രായം. അവർ അതിനേക്കാൾ അനാവശ്യം പറയുന്നതുകൊണ്ടാണ് ഞാൻ കുറച്ചെങ്കിലും പോസ്റ്റ് ഇടുന്നത്.'- ഗോകുൽ സുരേഷ് പറഞ്ഞു.