14 സോണുകളാക്കി മാസ്റ്റർ പ്ളാൻ, നിർമ്മാണത്തിന് നിയന്ത്രണം

Wednesday 11 September 2024 1:06 AM IST

ആലപ്പുഴ : ഭൂപ്രകൃതി, ടൂറിസം, കൃഷി, പൈതൃകം തുടങ്ങി വിവിധഘടകങ്ങളെ ആധാരമാക്കി നഗരത്തെ 14മേഖലകളായി തിരിച്ചുള്ള മാസ്റ്റർ പ്ളാൻ സർക്കാർ അംഗീകരിച്ചു. നഗരസഭയും ടൗൺ പ്ളാനിംഗ് വിഭാഗവുമാണ് മാസ്റ്റർ പ്ളാൻ സമർപ്പിച്ചത്. വെള്ളപ്പൊക്ക സാദ്ധ്യത കൂടി കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനും അപകടലഘൂകരണത്തിനുമാവശ്യമായ പ്രതിരോധ നടപടികൾകൂടി ഉൾപ്പെടുത്തിയാകും ഓരോ സോണിലും വികസനപ്രവർത്തനങ്ങൾ നടപ്പാക്കുക.

നഗരത്തിന്റെ പരമ്പരാഗത പ്രകൃതി ഭംഗിക്കോ പൈതൃകത്തിനോ ഒരുതരത്തിലുള്ള കോട്ടവും വരാത്ത വിധം മാസ്റ്റർ പ്ളാൻ നടപ്പാക്കേണ്ട ചുമതല നഗരസഭയ്ക്കും വിവിധ വകുപ്പുകൾക്കുമാണ്.

വെള്ളപ്പൊക്കത്തിന്റെയും മഴക്കെടുതികളുടെയും തീവ്രതയനുസരിച്ച് ലോ ഫ്ലഡ് സോൺ, നോർമൽ ഫ്ളഡ് സോൺ, ഹൈ ഫ്ളഡ് സോൺ, വെരി ഹൈ ഫ്ളഡ് സോൺ എന്നിങ്ങനെ നഗരത്തെ നാലുമേഖലകളായി തിരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ സ്വഭാവവും തീവ്രതയും അടിസ്ഥാനമാക്കി വീടുകളുൾപ്പെടെ പില്ലറുകളിലായിരിക്കണം നിർമ്മിക്കേണ്ടത്.

പുന്നമടയും ബീച്ചും ടൂറിസം സോൺ

 നഗരത്തിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ വന്നുപോകുന്ന പുന്നമടയും ആലപ്പുഴ ബീച്ചുമുൾപ്പെടുന്ന ഭാഗം ഹെറിറ്റേജ് മേഖലകൾ കൂടി ഉൾപ്പെടുത്തി ടൂറിസ്റ്റ് സോണാക്കി മാറ്റും

 പുന്നമട ഭാഗത്ത് നിലവിൽ കൃഷി ചെയ്യാതിരിക്കുന്ന കായൽപ്പാടം ആഴം കൂട്ടി മഴവെള്ള സംഭരണിയാക്കി വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് നഗരത്തെ രക്ഷിക്കാനുമായി പുന്നമടയെ അർബൻ പാർക്കാക്കി രൂപാന്തരപ്പെടുത്തും
 നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന കൃഷിയിടങ്ങളുപയോഗപ്പെടുത്തി അർബൻ പാർക്കാക്കും. സീസണിലുൾപ്പെടെ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന ഇവിടെ കാഴ്ചകൾ കാണാനും വിശ്രമിക്കാനും ഉല്ലസിക്കാനും സൗകര്യങ്ങൾ

സോണുകൾ

റെസിഡൻഷ്യൽ , മിക്സഡ്,കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ,പബ്ളിക്ക് ആന്റ് സെമി പബ്ളിക്, ട്രാഫിക് ആന്റ് ട്രാൻസ്പോർട്ടേഷൻ, പാർക്ക് ആന്റ് ഓപ്പൺ സ്പേസ് ,കൺസർവേഷൻ, ടൂറിസം, ഫാം, ഹെറിറ്റേജ്, ഗ്രീൻ ഏരിയ, കണ്ടൽക്കാടുകൾ, ജലാശയങ്ങൾ,പൈൻ ബഫർ സ്ട്രിപ്പ്

20

നാല് പ്രധാന കനാൽക്കരകളിൽ ഇരുവശങ്ങളിലും 20 മീറ്റർ മാറി മാത്രമേ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ.

12

കനാൽക്കരയിലെ നിർമ്മാണങ്ങളുടെ ഉയരനിയന്ത്രണത്തിനുള്ള പരിധി 9 മീറ്ററായിരുന്നത് 12 മീറ്ററായി ഉയർത്തും

ഭേദഗതികൾക്ക് ശേഷം മാസ്റ്റർപ്ളാൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് നഗരസഭയുംവിവിധ സർക്കാർ വകുപ്പുകളുമാണ്

- ടൗൺ പ്ളാനിംഗ് ഓഫീസ്, ആലപ്പുഴ