അരും കൊലയിൽ ഞെട്ടി കലവൂർ

Wednesday 11 September 2024 1:16 AM IST

ആലപ്പുഴ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വീട്ടുവളപ്പിൽ മൃതദേഹമുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് കോർത്തുശ്ശേരി കേട്ടത്. കടവന്ത്ര സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആഴ്ചകളായി പ്രദേശത്ത് പൊലീസ് എത്തിയിരുന്നു. ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാനില്ലെന്ന വിവരവും പ്രചരിച്ചതോടെ നാടാകെ മുൾമുനയിലായി. ഇന്നലെ ഉച്ചയോടെയാണ് മണ്ണഞ്ചേരി 23ാം വാർഡിൽ വിൽസൺ വാടകയ്ക്ക് നൽകിയിരുന്ന പഴമ്പാശ്ശേരി വീടിന് പിൻവശത്ത് കുളിമുറിയോട് ചേർന്ന ഭാഗത്ത് ആഴ്ച്ചകൾ പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ആഗസ്റ്റ് ആറിനാണ് നിതിനും ശർമ്മിളയും, ബന്ധുവായ റെയ്നോൾഡും സുഭദ്രയ്ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുന്നത് അയൽവാസികളായ എ.എക്സ്.വില്യമും ഭാര്യ മോളിയും കണ്ടത്. പിറ്റേ ദിവസം ആന്റിയെ തിരികെ കൊണ്ടുവിടാൻ പോവുകയാണെന്ന് സംഭാഷണത്തിനിടെ ശർമ്മിള പറഞ്ഞു. രാത്രി തിരികെയെത്തും വഴി റോഡിൽ വെച്ച് കണ്ടപ്പോഴും കടവന്ത്രയിൽ പോയിട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. അന്ന് കലവൂർ ഭാഗത്ത് ഒരു വാഹനാപകടം കണ്ടെന്നും, അത് കണ്ടപ്പോൾ തനിക്ക് തലകറക്കം അനുഭവപ്പെട്ടെന്നും ശർമ്മിള വില്യമിനോട് പറഞ്ഞിരുന്നു.

സുഭദ്രയെ ജൂലായ് മാസത്തിലും ശർമ്മിളയുടെ വീട്ടിൽ കണ്ടിട്ടുണ്ടെന്ന് സമീപത്തെ അങ്കണവാടിയിലെ വർക്കർ പി.എം.മറിയാമ്മ പറഞ്ഞു. ഒരു മതിൽ വ്യത്യാസത്തിലുള്ള അങ്കണവാടിയോട് ചേർന്ന ഭാഗത്തെ വാഴയിൽ ഇല വെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് മറിയാമ്മ സുഭദ്രയെ കണ്ടത്. താൻ മാത്യൂസിന്റെയും ശർമ്മിളയുടെയും ആന്റിയാണെന്നും, ചോറ് പൊതിയാൻ ഇല വെട്ടാൻ വന്നതാണെന്നും സുഭദ്ര പറഞ്ഞു.

തിരോധാനം മുതൽ കൊലപാതകം വരെ

ആഗസ്റ്റ് 4 : കടവന്ത്ര ശിവകൃപ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയെ (73) കാണാതാകുന്നു

ആഗസ്റ്റ് 6 : കോർത്തുശ്ശേരിയിലെ വാടക വീട്ടിലേക്ക് മാത്യൂസിനും (നിതിൻ) ശർമ്മിളയ്ക്കും റെയ്നോൾഡ് എന്ന ബന്ധുവിനുമൊപ്പം സുഭദ്ര വരുന്നത് അയൽവാസികൾ കാണുന്നു. അതേ ദിവസം അമ്മയെ കാണാനില്ലെന്ന് സുഭദ്ര‌യുടെ മക്കൾ പൊലീസിൽ പരാതി നൽകി.

ആഗസ്റ്റ് 7: ആന്റിയെ (സുഭദ്ര) കടവന്ത്രയിൽ കൊണ്ടുവിടാൻ പോവുകയാണെന്ന് ശർമ്മിള അയൽവാസികളോട് പറഞ്ഞു

ആഗസ്റ്റ് 13 : സി.സി.ടിവി ദൃശ്യത്തിന്റെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് മാത്യൂസിന്റെ വീട്ടിലെത്തുന്നു. ഇതോടെ ദമ്പതികൾ കടന്നുകളഞ്ഞെന്ന് വ്യക്തമാകുന്നു

അടിമുടി ദുരൂഹത

ഒന്നരവർഷമായി വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും, അയൽവാസികളുമായി ദമ്പതികൾ അധികം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നില്ല. നിർമ്മാണ തൊഴിലാളിയാണ് കാട്ടൂർ സ്വദേശിയായ മാത്യൂസ്. ഇയാൾ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ശർമ്മിളയുമായി ജീവിതം ആരംഭിച്ചത്. അനാഥയെന്ന് പറയപ്പെടുന്ന ശർമ്മിള മുമ്പ് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിൽ താമസിച്ചിരുന്നു. ആരാധനാലയത്തിൽ പരിചയപ്പെട്ട കന്യാസ്ത്രീ വഴിയാണ് അവരുടെ സഹോദരനായ മാത്യൂസുമായി ശർമ്മിളയ്ക്ക് വിവാഹം ആലോചിച്ചതെന്നും വിവരമുണ്ട്. മാത്യൂസ് ജോലിക്ക് പോകുമ്പോൾ റോഡ് വരെ ശർമ്മിള ഒപ്പം പോകും. തിരികെ എത്തിയാൽ കതകും വാതിലും പൂർണമായി അടച്ചുപൂട്ടും. ഇരുവരും വീടിനുള്ളിലുണ്ടെങ്കിലും, അയൽവാസികൾ വിളിച്ചാൽ വാതിൽ തുറക്കില്ല. രാത്രി ലൈറ്റ് ഇടുന്ന പതിവില്ല. അതിനാൽ ദമ്പതികൾ വീട്ടിൽ നിന്ന് കടന്നുകളഞ്ഞിട്ടും തങ്ങൾ അറിഞ്ഞില്ലെന്ന് അയൽക്കാർ പറഞ്ഞു. ഇവർ താമസിക്കുന്ന വീടിന്റെ മുറ്റത്ത് മറ്റൊരു വീടും വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ താമസിച്ചിരുന്നവരുമായി സ്ഥിരം വഴക്കിനെ തുടർന്ന് അവർ വീടുമാറിപ്പോയെന്നും അയൽവാസികൾ പറഞ്ഞു. ശർമ്മിള വിവിധ ഭാഷകൾ സംസാരിക്കുമായിരുന്നു.

അമ്മ ക്ഷേത്രദർശനത്തിന് പോയെന്ന് കരുതി മക്കൾ

എല്ലാ ദിവസവും രാത്രി അമ്മയുമായി ഫോൺ ചെയ്യുമെന്ന് സുഭദ്ര‌യുടെ മക്കളായ രാജീവും രാധാകൃഷ്ണനും പറഞ്ഞു. ആഗസ്റ്റ് നാലിന് രാത്രി 9.20 മുതൽ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫാണ്. സ്ഥിരമായി ഗുരുവായൂർ പോകുന്ന പതിവുണ്ടായിരുന്നു. പക്ഷേ എവിടെ പോയാലും രാത്രി ഫോൺ വിളിക്കും. നാലിന് രാത്രി വീട്ടിലെത്തി പരിശേധിച്ചപ്പോൾ വീട് പൂട്ടിയനിലയിൽ കണ്ടു. പിറ്റേ ദിവസം മടങ്ങിവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. ശർമ്മിളയെ തങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് മക്കൾ പറഞ്ഞു.

ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

സുഭദ്ര‌ടെ കൊലപാതകത്തിന് പിന്നിൽ കൂടുതൽപ്പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്യൂസിന്റെ ബന്ധു പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്.

സ്വർണ്ണത്തിന് വേണ്ടി നടത്തിയ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളും സുഭദ്ര‌യുംതമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്

- എം.ആർ.മധുബാബു, ആലപ്പുഴ ഡിവൈ.എസ്.പി

Advertisement
Advertisement