ഗൂഗിൾപേവഴി കബളിപ്പിച്ച് പണംതട്ടിയ യുവാക്കൾ അറസ്റ്റിൽ

Wednesday 11 September 2024 2:48 AM IST

കൊച്ചി: ഗൂഗിൾപേവഴി കബളിപ്പിച്ച് പണംതട്ടിയ മൂന്ന് യുവാക്കളെ എളമക്കര പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശി തെക്കേടത്തുവീട്ടിൽ ഫായിസ് (23), ആലുവ കീഴ്മാട് കാട്ടോളിപറമ്പ് വീട്ടിൽ ഒമർ മുക്താർ (21), പോഞ്ഞാശേരി പുത്തൻപുരക്കൽ വീട്ടിൽ സാബിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബസിൽ പോകുന്നതിന് കൈയിൽ പണമില്ലെന്നും ആയിരംരൂപ ക്യാഷായി നൽകിയാൽ പകരം ഗൂഗിൾപേ ചെയ്തുതരാമെന്നും പറഞ്ഞ് 75കാരനായ മോഹനന്റെയടുത്ത് പ്രതികളെത്തി. മോഹനൻ 1000രൂപ നൽകി. തുടർന്ന് കൂട്ടത്തിലുള്ള ഒരാൾ ഗൂഗിൾപേ ചെയ്യുന്നതായി കാണിച്ചെങ്കിലും മോഹനന്റെ അക്കൗണ്ടിൽ പണമെത്തിയില്ല. ഈ സമയം മോഹനന്റെ ഗൂഗിൾപേ പാസ്‌വേർഡ് പ്രതികൾ മനസിലാക്കിയിരുന്നു. തുടർന്ന് മോഹനന്റെ ഫോൺവാങ്ങി പരിശോധിക്കുന്ന രീതിയിൽ 10,000രൂപ പ്രതിയുടെ നമ്പറിലേക്ക് അയച്ചു. തുടർന്ന് ട്രാൻസാക്ഷൻ ഹിസ്റ്ററി കാണിച്ച് പണമെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.

ആയിരംരൂപയ്ക്ക് പകരം 10,000രൂപ അയച്ചതിൽ സംശയം തോന്നിയ മോഹനൻ വിശദമായി പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിലുള്ള പതിനായിരംരൂപ നഷ്ടപ്പെട്ടത് അറിയുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ മോഹനൻ ഒന്നാംപ്രതി ഫായിസിനെ തടഞ്ഞുനിറുത്തി ബഹളംവച്ചു. ഈ സമയം മറ്റ് രണ്ട് പ്രതികൾ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടി വിവരമറിയിച്ചതോടെ എളമക്കര പൊലീസെത്തി കേസെടുത്തു. ഫായിസിനെ ചോദ്യംചെയ്ത് നടത്തിയ തെരച്ചിലിൽ രണ്ടാം പ്രതി ഒമർ മുക്താറിനെ ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും മൂന്നാം പ്രതി സാബിത്തിനെ പോഞ്ഞാശേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.