മോദിക്കെതിരെ പരാമർശം: തരൂരിനെതിരായ മാനനഷ്‌ടക്കേസിലെ നടപടികൾക്ക് ഇടക്കാല സ്റ്റേ
Wednesday 11 September 2024 12:20 AM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് 'ശിവലിംഗത്തിൽ തേൾ' പരാമർശം നടത്തിയന്ന മാനനഷ്‌ടക്കേസിലെ നടപടികൾക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. നാലാഴ്ചത്തേക്കാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ശിവലിംഗത്തിൽ തേൾ' എന്നത് ഉദാഹരണശൈലിയിലുള്ള വാക്പ്രയോഗം മാത്രമല്ലേയെന്നും എതിർക്കേണ്ട കാര്യമുണ്ടോയെന്നും കോടതി ചോദിച്ചു. പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഡൽഹിയിലെ വിചാരണക്കോടതി ഇന്നലെ കേസ് പരിഗണിക്കാനിരിക്കെയാണ് തരൂർ സുപ്രീംകോടതിയെ സമീപിച്ചത്. മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2018ൽ ബംഗളൂരു സാഹിത്യോത്സവത്തിലായിരുന്നു കോൺഗ്രസ് എം.പിയുടെ വിവാദ പരാമർശം.