ജ്വല്ലറിയിൽ നിന്നും ഏഴര കിലോ വെള്ളിയാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

Wednesday 11 September 2024 2:02 AM IST

കണ്ണൂർ: നഗരത്തിലെ അർഷിത് ജ്വല്ലറിയിൽ നിന്നും ഏഴര കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ബീഹാർ ഖഗാരിയ സ്വദേശി ധർവേശ് സിംഗിനെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവും ആസാം അതിർത്തിയിൽ നിന്നും പിടികൂടിയത്.

ഹരിയാനയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പല കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2022ൽ ഇയാൾ അർഷിദ് ജ്വല്ലറിയിൽ നിന്നും വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. അന്ന് സി.സി.ടി.വി ക്യാമറകൾ തകർത്താണ് രക്ഷപ്പെട്ടത്.

ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞത് പ്രതിയുടെ ചിത്രം മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ടു പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതിയെ ആസാം അതിർത്തിയിൽ നിന്നും പിടി കൂടിയതെന്നും ശ്രീജിത്ത് കൊടേരി പറഞ്ഞു. ഇയാൾ മോഷ്ടിച്ച വെള്ളിയാഭരണങ്ങൾ ജ്വല്ലറികളിൽ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. വെള്ളിയാഭരണങ്ങൾ മാത്രം വിൽക്കുന്ന കടയിലാണ് പ്രതി മോഷണം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. കണ്ണപുരം എസ്.ഐ. കെ. രാജീവൻ, കണ്ണൂർ ടൗൺ എസ്.ഐ എം. അജയൻ, എ.എസ്.ഐ സി. രഞ്ചിത്ത്, നിധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.