ശർമിളയും നിഥിനും മംഗലാപുരത്ത്

Wednesday 11 September 2024 2:19 AM IST

കൊച്ചി: സുഭദ്ര കൊലക്കേസിൽ പൊലീസ് തെരയുന്ന ശർമിളയും നിഥിനും മംഗലാപുരത്തേക്ക് കടന്നു. ഒടുവിലത്തെ ടവർ ലൊക്കേഷൻ മംഗലാപുരമാണ്. പൊലീസ് മംഗലാപുരത്ത് എത്തിയിട്ടുണ്ട്. ചെറുപ്പത്തിലേ അനാഥയായ ശർമിള മംഗളൂരുവിലെ അനാഥാലയത്തിലാണ് വളർന്നത്. പ്രായപൂർത്തിയായശേഷം പലയിടങ്ങളിൽ ജോലി ചെയ്തു. എട്ടുവർഷം മുമ്പാണ് കൊച്ചിയിൽ എത്തിയത്.

സുഭദ്ര പണം പലിശയ്ക്ക് നൽകിയിരുന്ന കടവന്ത്രയിലെ ലോഡ്ജിൽ ക്ലീനിംഗ് ജോലിക്ക് എത്തിയത് മുതലാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. സുഭദ്ര‌യ്ക്കൊപ്പം ശ‌ർമിള താമസിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ലോഡ്ജ് നടത്തിപ്പുകാരുമായി സുഭദ്ര പിണങ്ങിയ ശേഷം അയൽവാസി മുഖേന ശർമിളയ്ക്ക് കടവന്ത്രയിലെ കടയിൽ ജോലി സംഘടിപ്പിച്ചു നൽകി. കന്നട, തമിഴ്, മലയാളം, ഹിന്ദി ഭാഷകൾ വശമുള്ള ശ‌ർമിളയ്ക്കൊപ്പം സുഭദ്ര ഉഡുപ്പി ക്ഷേത്രദർശനം നടത്തിയതായും വിവരമുണ്ട്.

ശർമിള ട്രാൻസ്ജെൻഡറാണോയെന്ന സംശയം സുഭദ്രയ്ക്കുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചതിന്റെ പേരിൽ ശർമിളയുമായി വഴക്കിടേണ്ടി വന്നിട്ടുണ്ടെന്ന് സുഭദ്ര പറഞ്ഞതായി അയൽവാസി ഷീബ പറഞ്ഞു. മൂന്ന് വർഷം മുമ്പായിരുന്നു നിഥിനുമായി ശർമിളയുടെ പ്രണയവിവാഹം. ഇതിന് ശേഷം ഇവരെ സുഭദ്ര‌യ്ക്കൊപ്പം കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു.