കൊച്ചിരിക്കാട് പാടത്ത് ലഹരിക്കച്ചവടം, പൊലീസ് നടപടിയില്ലെന്ന് പരാതി
ആലുവ: കിഴക്കേ കടുങ്ങല്ലൂർ കൊച്ചിരിക്കാട് പാടത്തിന് സമീപവും രാജീവ് നഗറിലും ലഹരിക്കച്ചവടം രൂക്ഷമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. പൊലീസിൽ വിളിച്ചാൽ പരാതി കേൾക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചാമപ്പറമ്പ് ഗവ. എൽ.പി സ്കൂളിന് സമീപമാണ് ലഹരിമാഫിയ രാവും പകലും തമ്പടിക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഇവിടെ കഞ്ചാവും രാസലഹരിയും വാങ്ങുന്നതിനും ഉപയോഗത്തിനുമായി എത്തുന്നത്. പാടശേഖരത്തോട് ചേർന്ന് കുറെ ഭാഗം കാടുപിടിച്ച് കിടക്കുന്നതായതിനാൽ ഇവിടെ തമ്പടിക്കുന്നവർക്ക് വെയിലും മഴയും ഏൽക്കുകയുമില്ല. ഒരു വർഷം മുമ്പ് തട്ടികൊണ്ടുവന്ന യുവാവിനെ ഒരു ദിവസം മുഴുവൻ ഇവിടെ തടങ്കലിലാക്കിയ സംഭവവും ഉണ്ടാക്കിയിട്ടുണ്ട്. തുടർന്ന് ഇവിടെ പൊലീസ് പട്രോളിംഗ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറിയുമായ ടി.കെ. ജയൻ ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒയെ വിവരം ധരിപ്പിക്കാൻ ഫോണിൽ വിളിച്ചെങ്കിലും കേൾക്കാൻ പോലും തയ്യാറായില്ല. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും ജയൻ അറിയിച്ചു.