അന്ന് സുഭദ്ര പറഞ്ഞത് ചോറ് പൊതിയാൻ ഇല വെട്ടാൻ വന്നതാണെന്ന്; എല്ലാത്തിനും തെളിവായി മൃതദേഹത്തിലെ ബാന്റേജ്
ആലപ്പുഴ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ വീട്ടുവളപ്പിൽ ഒരാളെ കൊന്ന് കുഴിച്ചുമൂടിയെന്ന വാർത്ത ഞെട്ടലോടെയാണ് കോർത്തുശ്ശേരിക്കാർ കേട്ടത്. ആർക്കും ഇത് വിശ്വസിക്കാനായില്ല. കടവന്ത്ര സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആഴ്ചകളായി പ്രദേശത്ത് പൊലീസ് എത്തിയിരുന്നു. ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാനില്ലെന്ന വിവരവും പ്രചരിച്ചതോടെ നാടാകെ മുൾമുനയിലായി. ഇന്നലെ ഉച്ചയോടെയാണ് മണ്ണഞ്ചേരി 23ാം വാർഡിൽ വിൽസൺ വാടകയ്ക്ക് നൽകിയിരുന്ന പഴമ്പാശ്ശേരി വീടിന് പിൻവശത്ത് കുളിമുറിയോട് ചേർന്ന ഭാഗത്ത് ആഴ്ച്ചകൾ പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ അരുംകൊല നടത്തിയതും മൃതദേഹം കുഴിച്ചുമൂടിയതുമാണ് പൊലീസിനെപ്പോലും അമ്പരപ്പിക്കുന്നത്.
ആഗസ്റ്റ് ആറിനാണ് നിതിനും ശർമ്മിളയും, ബന്ധുവായ റെയ്നോൾഡും സുഭദ്രയ്ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുന്നത് അയൽവാസികളായ എ.എക്സ്.വില്യമും ഭാര്യ മോളിയും കണ്ടത്. പിറ്റേ ദിവസം ആന്റിയെ തിരികെ കൊണ്ടുവിടാൻ പോവുകയാണെന്ന് സംഭാഷണത്തിനിടെ ശർമ്മിള പറഞ്ഞു. രാത്രി തിരികെയെത്തും വഴി റോഡിൽ വച്ച് കണ്ടപ്പോഴും കടവന്ത്രയിൽ പോയിട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. അന്ന് കലവൂർ ഭാഗത്ത് ഒരു വാഹനാപകടം കണ്ടെന്നും, അത് കണ്ടപ്പോൾ തനിക്ക് തലകറക്കം അനുഭവപ്പെട്ടെന്നും ശർമ്മിള വില്യമിനോട് പറഞ്ഞിരുന്നു.
സുഭദ്രയെ ജൂലായ് മാസത്തിലും ശർമ്മിളയുടെ വീട്ടിൽ കണ്ടിട്ടുണ്ടെന്ന് സമീപത്തെ അങ്കണവാടിയിലെ വർക്കർ പി.എം.മറിയാമ്മ പറഞ്ഞു. ഒരു മതിൽ വ്യത്യാസത്തിലുള്ള അങ്കണവാടിയോട് ചേർന്ന ഭാഗത്തെ വാഴയിൽ ഇല വെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് മറിയാമ്മ സുഭദ്രയെ കണ്ടത്. താൻ മാത്യൂസിന്റെയും ശർമ്മിളയുടെയും ആന്റിയാണെന്നും, ചോറ് പൊതിയാൻ ഇല വെട്ടാൻ വന്നതാണെന്നും സുഭദ്ര പറഞ്ഞു.
തിരിച്ചറിയാൽ സഹായിച്ചത് ബാന്റേജ്
മൃതദേഹം സുഭദ്രയുടേത് തന്നെയെന്ന് മക്കൾ തിരിച്ചറിഞ്ഞു. സുഭദ്ര മുട്ടുവേദനയ്ക്ക് ധരിച്ചിരുന്ന ബാന്റേജാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. മൃതദേഹം ഇപ്പോൾ വണ്ടാനം മെഡിക്കൽകോളേജിലാണ്.
ഇന്നലെ വൈകിട്ടാണ് കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ (73) മൃതദേഹം കലവൂരിൽ പരിചയക്കാരായ ദമ്പതികൾ താമസിച്ചിരുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ ഒളിവിലാണ്. മൃതദേഹം അഴുകിയ നിലയിലാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ വിൽസന്റെ ഉടമസ്ഥതയിലുള്ള പഴമ്പാശ്ശേരി വീടിന് പിൻവശത്തെ പുരയിടത്തിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന കാട്ടൂർ സ്വദേശി മാത്യൂസും (നിഥിൻ), ഭാര്യ ഉഡുപ്പി സ്വദേശി ശർമ്മിളയുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. ഒളിവിൽപ്പോയ ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.