'ശർമ്മിളയും മാത്യൂസും മദ്യപാനികൾ, സുഭദ്ര‌യുമായി തർക്കങ്ങൾ പതിവായിരുന്നു'; വെളിപ്പെടുത്തലുമായി കുടുംബം

Wednesday 11 September 2024 10:59 AM IST

ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് നാടിനെ ഒന്നടങ്കം വിറപ്പിച്ച വയോധികയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. കടവന്ത്ര സ്വദേശിയായ സുഭദ്ര‌യെ ആലപ്പുഴ കലവൂരിൽ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണ സംഘത്തിന്റെയും നാട്ടുകാരുടെയും സംശയം എത്തിനിൽക്കുന്നത് ദമ്പതികളായ ശർമ്മിളയുടെയും മാത്യൂസിന്റെയും (നിഥിൻ) അടുത്താണ്. ഇപ്പോഴിതാ മാത്യൂസിന്റെ കുടുംബം നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശർമ്മിളയും സുഭദ്ര‌യും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്ന് മാത്യൂസിന്റെ കുടുംബം വെളിപ്പെടുത്തി. 'ശർമ്മിളയുടെയും മകന്റെയും വിവാഹത്തിൽ സുഭദ്ര‌യുണ്ടായിരുന്നു. ആന്റി എന്നുപറഞ്ഞാണ് ശർമിള വയോധികയെ പരിചയപ്പെടുത്തിയത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആ പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

മാത്യൂസും ശർമ്മിളയും സ്ഥിരം മദ്യപിക്കാറുണ്ട്. ആലപ്പുഴയിൽ ഒരു കോൺവന്റിന്റെ അനാഥാലയത്തിലാണ് ശർമ്മിള താമസിച്ചിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യൂസ് വന്ന് പറ‌ഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പോയി കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശർമ്മിളയെ ഞങ്ങൾക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് കടന്നത്.

എന്നാൽ വിവാഹശേഷമാണ് ശർമ്മിള മദ്യപിക്കാറുണ്ടെന്ന് മനസിലായത്. മദ്യപിച്ച് മാത്യൂസിന്റെ അച്ഛനോട് പോലും ശർമ്മിള അസഭ്യം പറഞ്ഞിരുന്നു. ഇരുവരും സ്ഥിരം വഴക്കിടുമായിരുന്നു. അവരെ വീട്ടിൽ നിന്നിറക്കി വിട്ടതാണ്. ഒരിക്കൽ മാത്യൂസിന്റെ കൈയിലെ മൂന്ന് ഞരമ്പുകൾ വെട്ടേറ്റ് മുറി‌ഞ്ഞിരുന്നു. അത് ശർമ്മിള ചെയ്തതാണെന്ന് ഞങ്ങൾ കരുതുന്നു'- മാത്യൂസിന്റെ കുടുംബം വ്യക്തമാക്കി.

അതേസമയം, പ്രതികളെന്നു സംശയിക്കുന്ന മാത്യൂസിനും ശർമ്മിളക്കും വേണ്ടി കടവന്ത്രയിൽ നിന്നും ആലപ്പുഴയിൽ നിന്നും അന്വേഷണസംഘം ഉഡുപ്പിയിലെത്തി അന്വേഷണം നടത്തി വരികയാണ്. വയോധികയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളളൂ.