'പവർ ഗ്രൂപ്പിലുള്ളവരാണ് സംഘടനകളിലുള്ളത്, വേട്ടക്കാർക്കൊപ്പം എന്ന നിലപാടാണവർക്ക്'; സാന്ദ്രാ തോമസ്

Wednesday 11 September 2024 11:04 AM IST

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടനയിൽ ഭിന്നതയെന്ന് സാന്ദ്രാ തോമസ്. മാദ്ധ്യമങ്ങളുടെ സമ്മർദം കാരണമാണ് പലരും പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടന ഒരിക്കലും ഇരകൾക്കൊപ്പമല്ലെന്നും സാന്ദ്രാ തോമസ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സാന്ദ്രാ തോമസിന്റെ വാക്കുകൾ:

മാദ്ധ്യമങ്ങളുടെ സമ്മർദം കാരണമാണ് പല സംഘടനകളും പ്രതികരിച്ചത്. പക്ഷേ, അവർ ഒരു നടപടിയും ഇതിനെതിരെ എടുക്കാൻ പോകുന്നില്ല. സംഘടനകളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിർമാതാവ് എന്ന നിലയിൽ തിരുത്താൻ കഴിയുന്ന കുറച്ച് കാര്യങ്ങൾ ഉൾപ്പെടുത്തി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഒരു കത്ത് സംഘടനയിൽ നൽകിയിരുന്നു. അതിനും ഒരു നടപടിയുമില്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായ പലരും സംഘടനകളിലുണ്ട്. അതിന്റെ ഭാഗമായാണ് ഇവരാരും മിണ്ടാതിരിക്കുന്നത്. ചെറിയ വിഷയങ്ങളിൽ പോലും പ്രതികരിച്ചിരുന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് ചേമ്പർ ഇത്രയും വലിയ വിഷയം വന്നിട്ടും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്?

കഴിഞ്ഞ ദിവസം നടത്തിയ മീറ്റിംഗ് പോലും പ്രഹസനമായിരുന്നു. ഞങ്ങളുടെ അഭിപ്രായം പോലും ചോദിക്കാതെ ഏകപക്ഷീയമായി അവർ മുഖ്യമന്ത്രിക്ക് കത്തയച്ചു. വേട്ടക്കാർക്കൊപ്പമാണ് തങ്ങൾ എന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആ കത്തിൽ. അതിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിക്കുന്നുമുണ്ട്. ഹേമാ കമ്മിറ്റിയിൽ മൊഴി കൊടുത്തതിന്റെ പേരിൽ എന്നെ മാറ്റിനിർത്തപ്പെടുകയാണ്. തങ്ങൾക്കുണ്ടായ മോശമായ അനുഭവങ്ങൾ ഓരോരുത്തർ പങ്കുവയ്‌ക്കുമ്പോൾ തമാശ രൂപേണയാണ് സംഘടനയിലുള്ളവരുടെ പ്രതികരണം.

Advertisement
Advertisement