മോദിയെ വിമർശിച്ച മന്ത്രിമാർ രാജിവച്ചു, പിന്നാലെ മാലദ്വീപ്   പ്രസിഡന്റ്  ഇന്ത്യയിലേക്ക്; കൂടിക്കാഴ്ച ഉടൻ

Wednesday 11 September 2024 12:13 PM IST

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടൻതന്നെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുരാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യ സന്ദർശിക്കും എന്നാണ് അദ്ദേഹത്തിന്റെ മുഖ്യവക്താവ് ഹീന വലീദ് അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഡുചെയ്യപ്പെട്ട രണ്ട് മുൻമന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മുയിസുവിന്റെ സന്ദർശനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

മുയിസു എപ്പോഴാണ് ഇന്ത്യയിലെത്തുന്നത് എന്ന വ്യക്തമല്ല. ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

കാലാകാലങ്ങളായി ഇന്ത്യയുമായി അടുത്ത ബന്ധമായിരുന്നു മാലദ്വീപ് പുലർത്തിയിരുന്നത്. എന്നാൽ 2023 നവംബറിൽ മുയിസു അധികാരത്തിലെത്തിയതോടെ കഥമാറി. ചൈനയോട് താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ഇന്ത്യ മാലദ്വീപിൽ നിന്ന് മുഴുവൻ സൈനികരെയും പിൻവലിച്ചു. തുടർന്നും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇന്ത്യയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ നീണ്ടു.

ജനുവരിയിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു.'എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു' എന്നായിരുന്നു ഒരു മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇത് വലിയ വിവാദമായതിനുപിന്നാലെ പോസ്റ്റ് നീക്കിയിരുന്നു. മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ നിരവധി ഇന്ത്യക്കാര്‍ മാലിദ്വീപ് യാത്ര റദ്ദാക്കിയിരുന്നു. അവധി ആഘോഷം മാലദ്വീപില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ പകര്‍പ്പ് സഹിതമാണ് പലരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.

ഇതോടെ ടൂറിസം പ്രധാന വരുമാനമാർഗമായ മാലദ്വീപിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. അപകടം മണത്ത ഭരണാധികാരികൾ രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് രംഗത്തെത്തി.തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുളള നടപടികൾ മാലദ്വീപ് ആരംഭിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ മാലദ്വീപ് സന്ദർശിക്കുകയും ചെയ്തിരുന്നു.

 
Advertisement
Advertisement