സിപിഎമ്മിന്റെ പുത്തൻ ഫോർമുലയിൽ അൻവർ ഒതുങ്ങുമോ? അപ്പോഴും പേടി സിപിഐയെ
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സിപിഎമ്മിൽ തിരക്കിട്ട ശ്രമങ്ങൾ. വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേൽപ്പിച്ചു എന്ന് വ്യക്തമായതാേടെ വിവാദങ്ങൾ അടഞ്ഞ അദ്ധ്യായങ്ങളാക്കി മാറ്റാൻ പാർട്ടി ശ്രമിക്കുന്നത്.
വിഷയത്തിൽ ഏറെ കരുതലോടെ നീങ്ങുന്ന സിപിഎം അൻവർ ഇനിയും ആരോപണങ്ങളുടെ കെട്ടഴിക്കാതിരിക്കാനുള്ള നടപടികളാവും പ്രധാനമായും കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. അൻവറിനെ തണുപ്പിക്കാൻ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കും. അതിനൊപ്പം അദ്ദേഹത്തിനെതിരെ അന്വേഷണവും ഉണ്ടാവും. ഇത്തരത്തിലൊരു ഫോർമുല പാർട്ടി മുന്നോട്ടുവച്ചു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അൻവറിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് പാർട്ടിയിലെ പ്രബല വിഭാഗവും കരുതുന്നത്. അതിനാൽ തന്നെ അൻവർ ഉന്നയിക്കുന്ന കാര്യങ്ങളിൽ കാര്യമായ ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു. സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ തുടങ്ങി ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ കിട്ടുകയാണെങ്കിൽ ശക്തമായ നടപടികൾ കൈക്കൊളളുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അൻവറിനെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അൻവർ രംഗത്തെത്തിയിട്ടുണ്ട്. ഫോർമുല തള്ളിക്കളഞ്ഞ് വെളിപ്പെടുത്തൽ കൂടുതൽ ശക്തമാക്കാനാണോ അർവറിന്റെ നീക്കം എന്നും സംശയമുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന് അറിയപ്പെടുന്ന എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവം ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് സിപിഐയുടെ തീരുമാനം. കൂടിക്കാഴ്ചയ്‌ക്കെതിരെ പാർട്ടിയുടെ കേന്ദ്രനേതൃത്വം ശക്തമായ നിലപാട് സ്വീരിച്ചതോടെയാണ് ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ തീരുമാനിച്ചിരിക്കുന്നത്.
ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാകും ആവശ്യപ്പെടുക. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ കുഴപ്പമില്ലെന്ന സ്പീക്കറുടെ നിലപാടും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ മുന്നണി വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി നിലപാട് എടുത്തേക്കും. ഇപ്പോൾ തന്നെ ഇടതുമുന്നണിയിൽ കടിച്ചുതൂങ്ങിനിൽക്കുന്നതിനെക്കാൾ വിടുന്നതാണ് നല്ലതെന്ന പൊതുവികാരം സിപിഐയിൽ ഉയർന്നുവന്നിട്ടുണ്ട്. ഇതുതന്നെയാണ് ശക്തമായ പരസ്യനിലപാടുകൾക്ക് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതും.
തങ്ങളുടെ പ്രസ്റ്റീജ് സീറ്റായിരുന്ന തൃശൂരിൽ സുനിൽകുമാറിനെ തോൽപ്പിച്ച് സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എംആർ അജിത്കുമാർ ഇടപെട്ട് പൂരം കലക്കിയെന്നത് വെറുമൊരു ആരോപണം മാത്രമായിട്ടല്ല സിപിഐ കരുതുന്നത്. മണ്ഡലത്തിൽ വിഎസ് സുനിൽകുമാർ വിജയിക്കുമെന്നുതന്നെയാണ് സിപിഐ ഉറപ്പിച്ചിരുന്നത്. സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വർഗ ശത്രുവായ ആർഎസ്എസിനെ ഉപയോഗിച്ചെങ്കിൽ അത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റായാണ് സിപിഐ കാണുന്നത്. മുന്നണിയിലെ ഇപ്പോഴത്തെ പോക്കിൽ മറ്റ് കക്ഷികൾക്കും അതൃപ്തിയുണ്ട്. അവർകൂടി നിലപാട് കടുപ്പിച്ചാൽ സിപിഎമ്മും സർക്കാരും കൂടുതൽ കുഴപ്പത്തിലാകും.
എന്നാൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അജിത്കുമാറിനെ മാറ്റുന്നകാര്യം ചർച്ചചെയ്തില്ല. യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല. സിപിഐ മന്ത്രിമാരും ഇക്കാര്യം ഉന്നയിച്ചില്ല.