ജാസ്‌മിന്റെ ഡാഡിക്ക് അവൾ സിനിമയിൽ അഭിനിയിക്കുന്നത് ഒട്ടും ഇഷ്‌ടമുണ്ടായിരുന്നില്ല, എന്നെ ഒരുപാട് ശകാരിച്ചു

Wednesday 11 September 2024 4:54 PM IST

18 വർഷം അസോസിയേറ്റ് ഡയറക്‌ടർ ആയി പ്രവർത്തിച്ചതിന് ശേഷമാണ് കാഴ്‌ചയിലൂടെ ബ്ളെസി സ്വതന്ത്ര സംവിധായകനാകുന്നത്. ആടുജീവിതത്തിലൂടെ സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങൾ ബ്ളെസിയെ തേടി വീണ്ടുമെത്തി. ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി അനുഭവങ്ങളിലൂടെ കടന്നുവന്ന ബ്ളെസി അവയിൽ ചിലത് പങ്കുവയ്‌ക്കുകയാണ്. നടി മീരാ ജാസ്‌മിനെ കണ്ടെത്തിയ അനുഭവമാണ് അതിലൊന്ന്.

ബ്ളെസിയുടെ വാക്കുകളിലൂടെ-

അസോസിയേറ്റ് ഡയറക്‌ടർ എന്ന നിലയിൽ എന്റെ അഞ്ചാമത്തെ സിനിമയായിരുന്നു സൂത്രധാരൻ. ലോഹിയേട്ടന്റെ മിക്ക സിനിമകളുടെയും കഥാപാത്രങ്ങളെ തേടിയുള്ള യാത്രയുടെ ചുമതല എനിക്കു തന്നെയായിരുന്നു. വളരെ മിടുക്കിയും സൗന്ദര്യവുമുള്ള ടീനേജ് കുട്ടിയെ ആയിരുന്നു സൂത്രധാരനിലേക്ക് വേണ്ടിയത്. അങ്ങനെയിരിക്കെയാണ് തിരുവല്ലായിലെ ഡെന്റൽ ക്ളിനിക്കിൽ ജാസ്‌മിനെ കാണുന്നത്. ഈ കുട്ടി സിനിമയിൽ വന്നാൽ നന്നായിരിക്കുമല്ലോ എന്ന് അന്ന് തോന്നി. പക്ഷേ സംസാരിച്ചില്ല.

പിന്നീട് ലോഹിയേട്ടന്റെ കോൾ വന്നപ്പോഴാണ് ഇതേ കുട്ടിയെ പറ്റി ഞാൻ ചിന്തിച്ചത്. ഒരു പരസ്യ ചിത്രത്തിലാണ് അവളെ ആദ്യമായി ക്യാമറയ‌്ക്ക് മുന്നിൽ കൊണ്ടുവന്നത്. പിന്നീട് കെടിഡിഎഫ്‌സിയുടെ പരസ്യത്തിലും അഭിനയിപ്പിച്ചു. ജാസ്‌മിനെ ലോഹിയേട്ടനെ കാണിക്കാൻ ഷൊർണൂർക്ക് കൊണ്ടുപോണം. പക്ഷേ സിനിമയിൽ അഭിനയിക്കുന്നത് ജാസ്‌മിന്റെ അച്ഛന് ഇഷ്‌ടമല്ല. ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ഒരുപാട് ശകാരിച്ചു.

ഒടുവിൽ എനിക്കും ഭാര്യയ്‌ക്കുമൊപ്പമാണ് മീര ജാസ്‌‌മിൻ ഷൊർണൂർക്ക് വണ്ടി കയറിയത്. ലോഹിയേട്ടനെ കണ്ടു, ഓഡിഷൻ കഴിഞ്ഞു. തിരികെ വന്നത് ട്രെയിനിൽ ലോക്കൽ കമ്പാർട്ടുമെന്റിലാണ്. സൂചികുത്താൻ ഇടമുണ്ടായിരുന്നില്ല. ആ യാത്രയിൽ വഴിയരികിൽ സിനിമാ പോസ്‌റ്ററുകൾ കണ്ടപ്പോൾ ഞാൻ ജാസ്‌മിനോട് പറഞ്ഞു, മോളെ നാളെ നിന്റെ പടവും ഇതുപോലെ അടിച്ചുവരും. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു.

താമര പോലുള്ള പുഷ്‌പത്തിന്റെ മുകളിൽ ലക്ഷ്‌മി ദേവി എങ്ങനെയാ നിൽക്കുന്നത്? അങ്ങനെ നിൽക്കണമെങ്കിൽ ഭാരമില്ലാത്ത, കനമില്ലാത്ത അവസ്ഥ ലക്ഷ്‌മിദേവിക്കുണ്ടാകണം. അതുപോലെയാകണം ജീവിതം. എന്നാലേ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തുമെല്ലാം ഉണ്ടാകൂ എന്നും പറഞ്ഞിരുന്നു. പിന്നീട് മീരാ ജാസ്‌മിൻ മലയാളത്തിൽ എന്നുമാത്രമല്ല ഇതരഭാഷകളിലെല്ലാം പ്രശസ്തിയിലേക്ക് ഉയർന്നു.