70 കഴിഞ്ഞ എല്ലാവർക്കും 5ലക്ഷം രൂപയു‌ടെ ആരോഗ്യ ഇൻഷ്വറൻസ്

Thursday 12 September 2024 4:33 AM IST

ന്യൂഡൽഹി: രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നൽകും. ഇതിനുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി.പി.എം.ജെ.എ.വൈ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ആറ് കോടി മുതിർന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു ഇത്.

ലോകത്തെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ എ.ബി.പി.എം.ജെ.എ.വൈ 12.34 കോടി കുടുംബങ്ങളിലെ 55 കോടി വ്യക്തികൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ പരിരക്ഷ നൽകുന്നു.

മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ഇൻഷ്വറൻസ് കാർഡ്

ആയുഷ്മാൻ യോജനയിൽ നിലവിലുള്ള കുടുംബങ്ങളിലെ 70 വയസും കൂടുതലുമുള്ളവർക്ക് വർഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷ

ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല.

സി.ജി.എച്ച്.എസ്, വിമുക്ത ഭടൻമാർക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പദ്ധതികളിൽ അംഗമായ 70കഴിഞ്ഞവർക്ക് അവയിൽ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസി, ഇ. എസ്. ഐ അംഗങ്ങൾക്കും പുതിയ പദ്ധതിക്ക് അർഹത.