എല്ലാ ഉത്പന്നങ്ങളിലും ഇന്ത്യൻ ചിപ്പുകൾ ലക്ഷ്യം: മോദി

Thursday 12 September 2024 2:46 AM IST

ന്യൂഡൽഹി: രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപ്ലവത്തിന്റെ വക്കിലാണെന്നും ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമ്മിത ചിപ്പ് എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്‌ട്രോണിക് ഉത്പാദനത്തിലും ഇന്ത്യ ആധിപത്യം ലക്ഷ്യമിടുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മൂന്നുദിവസത്തെ സെമിക്കൺ ഇന്ത്യ 2024 പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമികണ്ടക്ടർ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പ്രദർശനം. സെമികണ്ടക്ടർ ശക്തികേന്ദ്രമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇവിടെ സെമികണ്ടക്ടർ മേഖലയ്ക്ക് പറ്റിയ സമയമാണെന്ന് നിക്ഷേപകരോട് മോദി പറഞ്ഞു. നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്താണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസസിൽ ഐ.ഐ.ടികളുടെ സഹകരണത്തോടെ അടുത്ത തലമുറ ചിപ്പുകൾ നിർമ്മിക്കാനുള്ള സെമികണ്ടക്ടർ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നു. 50 ശതമാനം സാമ്പത്തിക സഹായം നൽകുന്നതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 1,50,000 കോടി രൂപയിലധികം മൂല്യമുള്ള നിക്ഷേപം ആകർഷിക്കാനായി. കസ്റ്റംസ് തീരുവ ഇളവുകളിലും നിർണായക ധാതുക്കളുടെ ഖനന ലേലത്തിനും പ്രാധാന്യം നൽകുന്നു. 20 ശതമാനം ഡിസൈനർമാരെയും എൻജിനിയർ, ആർ ആൻഡ് ഡി വിദഗ്ദ്ധർ തുടങ്ങി 85,000ത്തോളം സാങ്കേതിക വിദഗ്ദ്ധരെയും ഇന്ത്യ സൃഷ്ടിക്കുന്നു.

ചിപ്പുകളുടെ വലിയൊരു ഉപഭോക്താവുമാണ് ഇന്ത്യ. ലോകത്ത് ശക്തമായ ബാങ്കിംഗ് സംവിധാനങ്ങൾ തകർന്ന കൊവിഡ് കാലത്തും ഇന്ത്യയിൽ ചിപ്പുകൾ തടസമില്ലാതെ പ്രവർത്തിച്ചു. യു.പി.ഐ, റുപേ കാർഡ്, ഡിജി ലോക്കർ, ഡിജി യാത്ര തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്നും മോദി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ്, സെമി പ്രസിഡന്റും സി.ഇ.ഒയുമായ ജിതിൻ പ്രസാദ്, സെമികണ്ടക്ടർ കമ്പനി മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

100% ഇലക്ട്രോണിക് നിർമ്മാണം

സെമികണ്ടക്ടർ വിതരണ ശൃംഖലയുടെ ഒരു പ്രധാന പങ്കാളിയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകളുണ്ട്. അമേരിക്കയുമായുള്ള സഹകരണവും ശക്തമാക്കുന്നു.ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് മേഖലയുടെ മൂല്യം ആറുവർഷത്തിനുള്ളിൽ 50000 കോടി ഡോളറായി ഉയർത്തും. 6 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യം. 100 ശതമാനം ഇലക്ട്രോണിക് നിർമ്മാണവും ഇന്ത്യയിൽ നടക്കണം എന്നതാണ് ലക്ഷ്യം. ഇന്ത്യ അർദ്ധചാലക ചിപ്പുകളും പൂർത്തിയായ ഉത്പന്നങ്ങളും നിർമ്മിക്കും.

Advertisement
Advertisement