അനധികൃത കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ തിന്നുന്നു: ട്രംപ്
വാഷിംഗ്ടൺ: അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാർ അമേരിക്കൻ പൗരന്മാരുടെ വളർത്തുമൃഗങ്ങളെ ആഹാരമാക്കുന്നെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ എതിരാളി കമലാ ഹാരിസുമായി നടന്ന ടെലിവിഷൻ സംവാദത്തിനിടെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന്റെ വിചിത്രവാദം.
'ഒഹായോയിലെ സ്‌പ്രിംഗ്ഫീൽഡിൽ ഹെയ്‌ത്തിയൻ കുടിയേറ്റക്കാർ പ്രദേശവാസികളുടെ നായകളെ ഭക്ഷിക്കുന്നു. അവർ പൂച്ചകളെ തിന്നുന്നു. അതിർത്തി കടന്നെത്തുന്നവർ അവിടെ താമസിക്കുന്ന ആളുകളുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു." ട്രംപ് പറഞ്ഞു. ട്രംപിന്റെ ആരോപണത്തെ അത്ഭുതത്തോടെ കേട്ട കമല ചിരിച്ചുതള്ളി. അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ നിലപാട്.
അതേ സമയം, കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചതായുള്ള വിശ്വസനീയമായ റിപ്പോർട്ടുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്ന് സ്‌പ്രിംഗ്ഫീൽഡിലെ പ്രാദേശിക അധികൃതരും പൊലീസും പറയുന്നു. വളർത്തുമൃഗങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന പരാതിയുമില്ല.
സോഷ്യൽ മീഡിയയിലൂടെയാണ് റിപ്പോർട്ട് ആദ്യമായി പ്രചരിച്ചത്. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ.ഡി. വാൻസും നേരത്തെ ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, വാർത്ത വ്യാജമാണെന്ന് വിവിധ വെബ്സൈറ്റുകളും പറയുന്നു.