റെക്കാഡ് തകർത്ത് ഭീമൻ പ്ലം

Thursday 12 September 2024 7:15 AM IST

ജോഹന്നസ്ബർഗ്: പഴങ്ങളുമായി ബന്ധപ്പെട്ട രസകരമായ നിരവധി ലോക റെക്കാഡുകൾ ലോകത്തുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ ഒരു നേട്ടവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ട് സഹോദരങ്ങൾ. ലോകത്തെ ഏറ്റവും ഭാരമേറിയ പ്ലം ആണ് ഡീൻ ബെർനാർഡ്, ഡിയോൺ ബർനാർഡ് എന്നീ കർഷകർ വിളവെടുത്തിരിക്കുന്നത്. ഒരു സോഫ്റ്റ് ബോളിനോളം വലിപ്പമുള്ള പ്ലമ്മിന് 464.15 ഗ്രാം ഭാരമുണ്ട്.

ഗിന്നസ് ലോക റെക്കാഡ് പ്രകാരം ഇതുവരെ 354.37 ഗ്രാം ഭാരമുള്ള പ്ലമ്മിനായിരുന്നു ഈ റെക്കാഡ്. 2021ൽ ജപ്പാനിൽ വിളവെടുത്ത കിയോ ഇനത്തിലെ പ്ലമ്മായിരുന്നു അത്. അതേ സമയം, ആദ്യം 480 ഗ്രാമായിരുന്നു ദക്ഷിണാഫ്രിക്കൻ പ്ലമ്മിന്റെ ഭാരം. വിളവെടുപ്പിന് ശേഷം ജലാംശം നഷ്ടമായതോടെയാണ് ഭാരത്തിൽ കുറവുണ്ടായത്. തങ്ങളുടെ സ്വന്തം ഫാമിലാണ് ബർനാർഡ് സഹോദരൻമാർ ഈ ഭീമൻ പ്ലമ്മിനെ കൃഷി ചെയ്തത്. ഓട്ടം ട്രീറ്റ് ഇനത്തിലെ പ്ലം ക്രിസ്‌പിയും രുചികരവുമാണ്.

ഏഴ് ഹെക്ടർ വിസ്തൃതിയിലെ ഫാമിൽ വാണിജ്യാടിസ്ഥാനത്തിൽ പ്ലം ഇനങ്ങൾ കൃഷി ചെയ്യുന്നു. ഭീമൻ പ്ലം അതിന്റെ വലിപ്പം സ്വാഭാവികമായി കൈവരിച്ചതാണെന്നും തങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നു. അതേ സമയം, ഇക്കൊല്ലം 400 - 450 ഗ്രാം ഭാരമുള്ള മറ്റ് പ്ലമ്മുകളും ഫാമിൽ കണ്ടെത്തി. സെപ്റ്റംബറിൽ പൂവിട്ട് തുടങ്ങുന്ന പ്ലമ്മിൽ ഏഴ് മാസം കൊണ്ടാണ് പഴം പാകമാകുന്നത്.

Advertisement
Advertisement