ഇന്ത്യാ വിരുദ്ധ വനിതാ നേതാവുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച വിവാദത്തിൽ

Thursday 12 September 2024 7:16 AM IST

വാഷിംഗ്ടൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കൻ ജനപ്രതിനിധി സഭാംഗം ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിൽ. ത്രിദിന സന്ദർശനത്തിനായി യു.എസിലെത്തിയ രാഹുൽ വാഷിംഗ്ടൺ ഡി.സിയിൽ വച്ചാണ് ഇൽഹാൻ അടങ്ങുന്ന യു.എസ് കോൺഗ്രസ് അംഗങ്ങളെ കണ്ടത്. ഇന്ത്യൻ വേരുകളുള്ള കോൺഗ്രസ് അംഗങ്ങളായ റോ ഖന്ന, രാജ കൃഷ്ണമൂർത്തി, ശ്രീ തനേദാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 41കാരിയായ ഇൽഹാൻ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളിലൂടെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ മത, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് കാട്ടി ഡെമോക്രാറ്റിക് അംഗമായ ഇൽഹാൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ജൂത വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇവരെ സഭയിലെ വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. മിനസോട്ടയിൽ നിന്നുള്ള സഭാംഗമായ ഇൽഹാൻ 2022ൽ പാക് അധിനിവേശ കാശ്മീർ സന്ദർശിച്ചതിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.

പാക് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു സന്ദർശനം. അന്നത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരെ ഇസ്ലാമാബാദിലെത്തി അവർ കണ്ടു. ഇൽഹാന്റെ സന്ദർശനവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബൈഡൻ ഭരണകൂടം വിശദീകരിച്ചിരുന്നു.

 ബി.ജെ.പി രംഗത്ത്

ഇൽഹാനുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയ്ക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ഇൽഹാൻ പാകിസ്ഥാന്റെ സ്പോൺസർഷിപ്പിലുള്ള ഇന്ത്യാ വിരുദ്ധ ശബ്ദമാണെന്നും, കോൺഗ്രസ് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവർക്കൊപ്പമാണെന്നും ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പ്രതികരിച്ചു.

Advertisement
Advertisement