യെച്ചൂരിയുടെ പ്രിയപ്പെട്ടയിടം രാജ്യസഭയാകാൻ ഒരു വിചിത്ര കാരണമുണ്ട്; വിടപറഞ്ഞത് സോണിയാ ഗാന്ധിയുടെ ഉറ്റസുഹൃത്ത്

Thursday 12 September 2024 4:50 PM IST

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഏറ്റവും പ്രിയപ്പെട്ടയിടം രാജ്യസഭയാണ്. ഇതിന് അധികമാർക്കും അറിയാത്ത ഒരു കാരണവുമുണ്ട്. രാജ്യസഭാ അദ്ധ്യക്ഷനോട് അദ്ദേഹം ഒരു കാര്യം ഇടയ്ക്കിടെ പറയുമായിരുന്നു. 'രാജ്യസഭയുടെ നിറം ചുവപ്പും ലോക്‌സഭയുടേത് പച്ചയുമാണ്, കാരണം ഏതെങ്കിലും തെറ്റായ ബില്ലിന് ലോക്‌സഭ പച്ച വെളിച്ചം നൽകിയാൽ രാജ്യസഭ ചുവപ്പ് ലൈറ്റ് കാണിക്കും'- ഇതാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയ കാരണം.

ചുവപ്പിനെ പ്രണയിച്ച സിപിഎമ്മിന്റെ വിപ്ളവനക്ഷത്രം രാഷ്ട്രീയലോകത്തുനിന്ന് വിടവാങ്ങിയിരിക്കുകയാണ്. എഴുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം. രോഗം ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു.

1970കളിൽ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ജെഎൻയുവിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയും അവരുടെ സാന്നിധ്യത്തിൽ രാജിവയ്ക്കാനുള്ള വിദ്യാർത്ഥികളുടെ ആവശ്യം വായിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്.


ജെഎൻയുവിലെ പഠനത്തിനിടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യെച്ചൂരിയെ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.

സിപിഎമ്മിന്റെ മുഖ്യ എതിരാളിയായിരുന്നിട്ടുകൂടി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും യെച്ചൂരി ശക്തമായ ബന്ധം പലർത്തിയിരുന്നു. ചില സിപിഎം, കോൺഗ്രസ് നേതാക്കളെ ഇത് അലോസരപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ് നേതാവ് ജയറാം രമേശ് യെച്ചൂരിയെ 'കോൺഗ്രസിന്റെ സിപിഎം ജനറൽ സെക്രട്ടറി" എന്ന് പത്രസമ്മേളനത്തിൽ വിളിച്ചത് വിവാദമായിരുന്നു. അന്ന് യെച്ചൂരിയെ കുഴപ്പത്തിലാക്കിയതിന് സോണിയാ ഗാന്ധി തന്റെ സഹപ്രവർത്തകനെ ശാസിക്കുകയും ചെയ്തു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി 2004 മേയിൽ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെ കണ്ടതിന് ശേഷം സിപിഎം നേതാവ് ഹർകിഷൻ സിംഗിനെ കാണാൻ ആഗ്രഹിച്ച സോണിയ ഗാന്ധി വിളിച്ച ആദ്യത്തെ കോൺഗ്രസ് ഇതര നേതാവ് യെച്ചൂരിയായിരുന്നു. സോണിയാ ഗാന്ധിയു‌ടെ അഭ്യർത്ഥന മാനിച്ച്, മൻമോഹൻ സിംഗിനെ പിന്തുണയ്ക്കാൻ സഖ്യ നേതാക്കളുമായി ബന്ധപ്പെട്ടതും യെച്ചൂരിയായിരുന്നു.