'ഇഎംഎസ് തുടങ്ങി മുതിർന്ന നേതാക്കൾ നിൽക്കെ അവതരിപ്പിക്കാൻ നിർദ്ദേശിച്ചത് സീതാറാമിനോടാണ്', ഓർമ്മക്കുറിപ്പുമായി എംഎ ബേബി
തിരുവനന്തപുരം:അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള ആത്മബന്ധം സൂചിപ്പിച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സമൂഹമാദ്ധ്യമ പോസ്റ്റിലാണ് അദ്ദേഹം തന്റെ ദീർഘനാളായുള്ള ഓർമ്മകൾ കുറിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് എന്നനിലയിൽ യെച്ചൂരി വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നതായി എം.എ ബേബി ഓർമ്മിക്കുന്നു.1977ലെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും സർകലാശാലയുടെ ചാൻസിലർ സ്ഥാനം ഇന്ദിരാ ഗാന്ധി ഒഴിയാതിരുന്നപ്പോൾ ഇന്ദിരയുടെ താമസസ്ഥലത്ത് ചെന്ന് രാജി ആവശ്യപ്പെട്ട മുഹൂർത്തത്തിന്റെ ചിത്രവും വാർത്തയും ശ്രദ്ധിക്കപ്പെട്ടു. 'സീതാറാം വിദ്യാർത്ഥി യൂണിയൻ പ്രമേയം വായിക്കുന്നത് ശാന്തയായി കേട്ടുകൊണ്ടുന്നിൽക്കുന്ന ഇന്ദിരയുടെ രൂപവും വിദ്യാർഥിത്വം പ്രകാശിക്കുന്ന സീതാറാമിന്റെ മുഖവും മറക്കാനാവില്ല.' എം.എ ബേബി കുറിക്കുന്നു.
ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെ ഇന്ന് ഉച്ചതിരിഞ്ഞ് 03.05നായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു. രോഗം ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 19ന് ആണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. രോഗം ഗുരുതരമായതിന് പിന്നാലെ പാർട്ടി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
1952 ഓഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ( ഇപ്പോഴത്തെ ചെന്നൈയിൽ) സീതാറാം യെച്ചൂരി ജനിച്ചത്. ഹൈദരാബാദിൽ വളർന്ന യെച്ചൂരി പത്താം ക്ലാസ് വരെ ഓൾ സെയിന്റ്സ് ഹൈസ്‌കൂളിൽ പഠിച്ചു. ശേഷം ഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളിൽ ചേർന്ന യെച്ചൂരി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. പിന്നീട് സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ഡിഗ്രി കരസ്ഥമാക്കി. 1975ൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് ഭാര്യ.