യെച്ചൂരി വിട പറയുമ്പോൾ
കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ പ്രവർത്തകരും മലയാളിയെ എന്ന പോലെ യെച്ചൂരിയെ കണ്ടിരുന്നു. പ്രസാദോത്സുകമായ അദ്ദേഹത്തിന്റെ രൂപവും വാക്കുകളിലെ തെളിമയും കേരളവും ഏറെ പ്രതീക്ഷകളോടെ ഏറ്റുവാങ്ങിയിരുന്നു.
-----------------------------------------------------------------------------------------------------------------------------------------------
രാജ്യത്തെ കമ്യൂണിസ്റ്റ് -ഇടതുപക്ഷ പ്രസ്ഥാനത്തിന് യൗവനതീക്ഷ്ണമായ മുഖശോഭ നൽകിയ നേതാവിനെയാണ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. മികച്ച സംഘാടകൻ, പ്രത്യയശാസ്ത്ര വിശാരദൻ, മുന്നണി രാഷ്ട്രീയ രൂപീകരണത്തിന്റെ പിന്നണിപ്പടയാളി എന്നിങ്ങനെ രാഷ്ട്രീയ നേതൃപദവിയുടെ സർവതലങ്ങളിലും സ്വയം അടയാളപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പരിവൃത്തങ്ങൾക്കപ്പുറം രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ ജനത ഒന്നടങ്കം അദ്ദേഹത്തെ മനസിൽ ഏറ്റുവാങ്ങിയിരുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ കേവല പരിമിതികൾ കടന്ന് എല്ലാ വിഭാഗം ആളുകൾക്കും സ്വീകാര്യനാകാൻ കഴിയുക അപൂർവം നേതാക്കൾക്കു മാത്രം കഴിയുന്ന കാര്യമാണ്. വ്യത്യസ്ത രീതികളിലാണെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാജ്യത്തെ എക്കാലത്തെയും പ്രകാശ ഗോപുരങ്ങളായ എ.കെ.ജി.ക്കും ഇ.എം.എസിനും സുന്ദരയ്യയ്ക്കും, ഇപ്പോൾ വിശ്രമത്തിലുള്ള വി.എസിനും ശേഷം ജനഹൃദയങ്ങളെ തൊടാൻ കഴിഞ്ഞു, യെച്ചൂരിക്ക്. കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ പ്രവർത്തകരും മലയാളിയെ എന്ന പോലെ യെച്ചൂരിയെ കണ്ടിരുന്നു. പ്രസാദോത്സുകമായ അദ്ദേഹത്തിന്റെ രൂപവും വാക്കുകളിലെ തെളിമയും കേരളവും ഏറെ പ്രതീക്ഷകളോടെ ഏറ്റുവാങ്ങിയിരുന്നു.
മൂന്നു ഘട്ടങ്ങളിലായി ഒമ്പതു വർഷത്തോളം സി.പി.എം ജനറൽ സെക്രട്ടറി, ദീർഘകാലം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗം, അതിനു മുമ്പ് എസ്.എഫ്.ഐ നേതാവ്, രാജ്യത്തെ വിശ്രുതമായ ജവഹർലാൽ നെഹ്രു സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് എന്നിങ്ങനെ സംഘടനാ പ്രവർത്തനത്തിന്റെ എല്ലാ പടവുകളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് യെച്ചൂരി രാജ്യത്തെ സി.പി.എമ്മിന്റെ നായകനായി വിരാജിച്ചത്. സാമ്പത്തിക ശാസ്ത്രത്തിന്റെ സങ്കീർണവഴികൾ നിർദ്ധാരണം ചെയ്യാൻ ശ്രമിച്ച ജീവിതം, നിയോഗം പോലെ രാഷ്ട്രീയ ജീവിതത്തിന്റെ കനലും കണ്ണീരും നിറഞ്ഞ വീഥികളിൽ എത്തിപ്പെടുകയായിരുന്നു. ഒന്നാം ക്ലാസോടെ എം.എ. സാമ്പത്തികശാസ്ത്രം ജയിച്ച് ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുന്നതും ജയിലിലാകുന്നതും. അതോടെ ഗവേഷണം മുടങ്ങിയെങ്കിലും രാഷ്ട്രതന്ത്രജ്ഞതയുടെ ഗവേഷണശാലയിലേക്ക് എടുത്തു ചാടുകയായിരുന്നു. സത്യത്തിൽ കമ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസും, സുന്ദരയ്യയും ചേർന്ന് ജെ.എൻ.യുവിൽ നിന്ന് കണ്ടെടുത്ത് ഊതിക്കാച്ചിയെടുത്തതാണ് യെച്ചൂരിയിലെ തിളക്കമാർന്ന രാഷ്ട്രീയ വ്യക്തിത്വം. അക്കാദമിക രംഗത്തെ മികവ് രാഷ്ട്രീയ വഴികളിലും യെച്ചൂരിക്ക് കരുത്തായി.
വിദ്യാഭ്യാസംകൊണ്ടും ഔദ്യോഗികസ്ഥാനങ്ങൾ കൊണ്ടും സമ്പന്നമായ കുടുംബ പാരമ്പര്യമായിരുന്നു യെച്ചൂരിയുടേത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനഡയാണ് വേരുകളെങ്കിലും, ജനനം മദ്രാസിൽ, പഠനം മദ്രാസിലും ഡൽഹിയിലും. ഡൽഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റ് സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ജയിച്ചത് രാജ്യത്ത് ഒന്നാമനായി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബി.എ ഓണേഴ്സും, ജെ എൻ.യുവിൽ നിന്ന് എം.എ എക്കണോമിക്സും ഒന്നാം ക്ലാസോടെ വിജയം. തെലുങ്കും തമിഴും ഹിന്ദിയും ഇംഗ്ലീഷുമടക്കം നിരവധി ഭാഷകളിൽ പ്രാവീണ്യം. എല്ലാം ചേർന്ന് യെച്ചൂരിയുടെ വ്യക്തിത്വത്തിന് ഒരു പാൻ ഇന്ത്യൻ പരിവേഷമുണ്ടായി. ഇന്ത്യൻ രഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ ഉൾക്കാഴ്ചയോടെ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സാർവദേശീയ സംഭവങ്ങളെപ്പറ്റിയും കുറ്റമറ്റ കാഴ്ചപ്പാടുണ്ടായിരുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ നന്മതിന്മകളെ വ്യവച്ഛേദിച്ച് അറിയുന്നതിലും, അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലപാടുകളെടുക്കുന്നതിലും അദ്ദേഹം മികവുകാട്ടി.
ഒന്നാം യു.പി.എ സർക്കാരുണ്ടാക്കുന്നതിലും പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിലും ഹർകിഷൻസിംഗ് സുർജിത്തിന് കരുത്തു പകർന്ന് ഒപ്പം നിന്നു. കോൺഗ്രസ് നേതാവ് പി. ചിദംബരവുമായി ചേർന്നാണ് പൊതു മിനിമം പരിപാടിയുടെ കരടിന് രൂപം നൽകിയത്.
സോവിയറ്റ് യൂണിയന്റേയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടേയും ശിഥിലീകരണത്തിന്റെ നാളുകളിലെല്ലാം, മുതലാളിത്തത്തിന് എക ബദൽ സോഷ്യലിസമാണ് എന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാട് അദ്ദേഹം എക്കാലത്തും ഉയർത്തിപ്പിടിച്ചു. 2015 ഏപ്രിൽ 19 ന് പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടയുടൻ വിശാഖപട്ടണത്തെ സമ്മേളന ഹാളിൽ നടത്തിയ പ്രസംഗത്തിലും യെച്ചൂരി ഈ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് അഞ്ചാം ദിവസം അദ്ദേഹം തിരുവനന്തപുരത്ത് വന്നതും, അന്ന് പത്രപ്രവർത്തക യൂണിയൻ കേസരി സ്മാരക ഹാളിൽ 'മീറ്റ് ദ പ്രസ്" നടത്തിയതും ഇപ്പോഴും തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകരുടെ ഓർമകളിലെ ഉഷ്മളാനുഭവമാണ്.
2005-17 കാലയളവിൽ, ഒരു വ്യാഴവട്ടം രാജ്യസഭാംഗമായിരുന്ന് പാർലമെന്ററി രംഗത്ത് നടത്തിയ ഇടപെടലുകളും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. പുറത്തു നിന്ന് പിന്തുണയ്ക്കുന്ന ഘട്ടത്തിലും ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് അമേരിക്കയുമായി ആണവ കരാറിൽ ഏർപ്പെടാനുള്ള മൻമോഹൻ സിംഗ് ഗവൺമെന്റിന്റെ നടപടിയെ വാചാലമായി യെച്ചൂരി രാജ്യസഭയിൽ എതിർത്തു സംസാരിച്ചു. വിദേശ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ സമ്മേളനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു യെച്ചൂരി. പാർട്ടിയിൽ അന്താരാഷ്ട്ര വിഭാഗത്തിന്റെചുമതലക്കാരനായിരുന്നതിന്റെ അനുഭവജ്ഞാനവും ഇതിൽ അദ്ദേഹത്തിനു മുതൽക്കൂട്ടായി.
തന്റെ പാർട്ടിയുടെ വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ചുനിന്ന് എതിർചേരിക്കെതിരെ പോരാടുമ്പോഴും വ്യക്തിപരമായ സൗഹൃദങ്ങൾ സൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമേരിക്കൻ വിദേശനയത്തിന്റെ വിമർശകനായും ഒബാമ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി വന്നതിനെ വിമർശിക്കാനും, പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യം നടത്തുന്ന ഇടപെടലുകളെ എതിർക്കാനും, പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമൊക്കെ അദ്ദേഹത്തിന് കരുത്തായതും സാർവദേശീയ രാഷ്ട്രീയത്തിലുള്ള ഈ കാഴ്ചപ്പാടായിരുന്നു.
2021 ഏപ്രിലിൽ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് അകാലത്തിൽ മരണപ്പെട്ടത് യെച്ചൂരിയെ പിൽക്കാലത്ത് പിന്തുടർന്ന നോവായിരുന്നു. എന്നാൽ വ്യക്തിപരമായ ആ നഷ്ടം ഒരുതരത്തിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ ബാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും എൽ.ഡി.എഫിനു വേണ്ടി അദ്ദേഹം ഓടിനടന്നു പ്രസംഗിച്ചു. രണ്ടു മാസങ്ങൾക്കു മുമ്പ് ജൂലായ് ആദ്യവാരം കൊല്ലത്താണ് അദ്ദേഹം കേരളത്തിൽ അവസാനമായി ഒരു പരിപാടിക്കെത്തിയത്. പ്രത്യയശാസ്ത്രത്തിന്റെ പിടിവാശിയില്ലാതെ ആരുമായും അടുത്തിടപഴകാനും, എന്നാൽ തന്റെ ആദർശത്തിൽ
അടിയുറച്ചു നിൽക്കാനും പാർട്ടിയിലെ സൗമ്യമുഖമായിരുന്ന യെച്ചൂരിക്ക് കഴിഞ്ഞിരുന്നു. സി.പി.എമ്മിന്റെ സമുന്നത നേതാവ് എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണ് യെച്ചൂരിയുടെ ആകസ്മികമായ വേർപാട്. പാർട്ടിയെയും ഇടതുപക്ഷ വിശ്വാസികളെയും സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണത്. 'കേരളകൗമുദി"യുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. ആ ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു.