യുവതിയെ അപമാനിച്ച് ഓട്ടോ ഡ്രൈവര്‍, ജാമ്യത്തിലിറക്കാന്‍ പണം പിരിച്ച് നാട്ടുകാര്‍

Thursday 12 September 2024 11:05 PM IST

ബംഗളൂരു: യാത്രക്കാരിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ ജാമ്യത്തിലിറക്കാന്‍ ധനസഹായ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍ രംഗത്ത്. ആര്‍ മുത്തുരാജ് എന്ന ഓട്ടോ ഡ്രൈവറെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തുരാജിനെ ജാമ്യത്തിലിറക്കാന്‍ 30,000 രൂപയായിരുന്നു ആവശ്യം. ഇതിന് വേണ്ടി ഒരു വിഭാഗം നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ച് ധനസഹായം അഭ്യര്‍ദ്ധിക്കുകയായിരുന്നു.

മാനസിക സമ്മര്‍ദ്ദമാണ് അത്തരത്തില്‍ പ്രതികരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. നാല് ദിവസമായി അദ്ദേഹം ജയിലില്‍ കഴിയുന്നു. ജാമ്യത്തിനും മറ്റുമായി 30000 രൂപ ചെലവാകും. മുത്തുരാജിനെ ജാമ്യത്തിലിറക്കാന്‍ താല്‍പ്പര്യമുള്ള അഭിഭാഷകര്‍ ഉണ്ടോ? അദ്ദേഹത്തിനായി ഞാന്‍ 1000 രൂപ നല്‍കും, എന്ന് മോഹന്‍ ദസാരി എന്നയാള്‍ സമൂഹമാദ്ധ്യമമായ എക്സില്‍ കുറിച്ചു. ഇതോടെ മുത്തുരാജിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ മുന്നോട്ട് വരികയും ചെയ്തു.

ആയിരം രൂപ മുതല്‍ സംഭാവന നല്‍കാന്‍ തയ്യാറെടുത്ത് നിരവധിപേരാണ് മുന്നോട്ടുവന്നത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തിയും നിരവധിപേര്‍ രംഗത്ത് വന്നു. സ്ത്രീകളെ അപമാനിച്ചതിന് പിടിയിലായ വ്യക്തിയെ സഹായിക്കുന്നത് വലിയ തെറ്റാണെന്നും സമൂഹത്തോട് ഉത്തരവാദിത്തമില്ലാത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞ് നിരവധിപേരാണ് സഹായിക്കാന്‍ രംഗത്ത് വന്നവരെ കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞ ആഴ്ചയാണ് സ്ത്രീകളായ യാത്രക്കാരെ ഇയാള്‍ അപമാനിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇയാള്‍ തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും തന്നെ മര്‍ദിച്ചുവെന്നും പരാതിക്കാരിയായ സ്ത്രീ പറഞ്ഞു. സംഭവം നടന്ന അന്ന് തന്നെ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.