നഷ്ടമായത് ഉന്നതനായ കമ്യൂണിസ്റ്റിനെ: സി.പി.എം

Friday 13 September 2024 1:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി സഹായിച്ച ഉന്നതനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി.

മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായ അദ്ദേഹം രാജ്യത്തും ലോകത്തായെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടെ നിലപാടുകൾ സ്വീകരിച്ചു. സി.പി. എമ്മിന്റെ അഭിപ്രായങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിനായി. വർഗീയ ശക്തികൾക്കെതിരായ കൂട്ടായ്മയുടെ നേതൃനിരയിലും ഐക്യമുന്നണി, യു.പി.എ സർക്കാരുകളുടെ കാലത്ത് നയപരിപാടികൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

 സമ്മേളനങ്ങൾ മാറ്റി വയ്ക്കും

സീതാറാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കുമെന്നും സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റി വയ്ക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർട്ടി പതാക താഴ്ത്തിക്കെട്ടും.