ഇസ്രയേൽ ആക്രമണം: ഗാസയിൽ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു

Friday 13 September 2024 7:14 AM IST

ടെൽ അവീവ്: മദ്ധ്യഗാസയിൽ അഭയാർത്ഥികളുള്ള സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 6 യു.എൻ ജീവനക്കാർ അടക്കം 18 പേർ കൊല്ലപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ അൽ-ജൗനി സ്കൂളിലായിരുന്നു ആക്രമണം. യു.എന്നിന്റെ പാലസ്‌തീനിയൻ അഭയാർത്ഥി ഏജൻസിയിലെ ജീവനക്കാരാണ് മരിച്ചത്. ആക്രമണത്തിനെതിരെ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് അടക്കം രംഗത്തെത്തി. ഗാസയിൽ നടക്കുന്നത് പൂർണമായും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണെന്ന് ഗുട്ടറെസ് പ്രതികരിച്ചു. സ്കൂളുകളെയും ആശുപത്രികളെയും ഹമാസ് ഉപയോഗിക്കുന്നെന്നാണ് ഇസ്രയേലിന്റെ ആരോപണം.

അതേസമയം, ഒക്ടോബറിൽ ഗാസ യുദ്ധം തുടങ്ങിയ ശേഷം ഇത് അഞ്ചാം തവണയാണ് ഇസ്രയേൽ അൽ-ജൗനി സ്കൂളിൽ ബോംബിടുന്നതെന്ന് യു.എൻ പറഞ്ഞു. ഇന്നലെ റാഫ, ഖാൻ യൂനിസ്, ജബലിയ തുടങ്ങി ഗാസയുടെ വിവിധ ഭാഗങ്ങളിലും ആക്രമണമുണ്ടായി. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,110 കടന്നു.

Advertisement
Advertisement