ആലപ്പുഴയിൽ എത്തിയാൽ യെച്ചൂരി പോകുന്ന ഒരു സ്ഥലമുണ്ട്, ഏറെയിഷ്ടപ്പെട്ട വിഭവം കഴിക്കാൻ

Friday 13 September 2024 1:24 PM IST

ആലപ്പുഴ : രണസ്മരണകൾ ഇരമ്പുന്ന ആലപ്പുഴയിലെത്തിയാൽ സീതാറാം യെച്ചൂരിയുടെ ഇഷ്ടവിഭവം കുടംപുളിയിട്ട മീൻകറി. ആലപ്പുഴ തീരത്തെ കടൽ,​ കായൽ മത്സ്യങ്ങൾ രൂചി പിടിച്ച് ആസ്വദിച്ചിരുന്നു. കരിമീനും ചെമ്മീനും ഞണ്ടുമാണ് ഏറെയിഷ്ടം.

അവസാനംലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഏപ്രിലിൽ ആദ്ദേഹം ആലപ്പുഴയിലെത്തിയത്. ആദ്യമെത്തിയത് 1985 ഫെബ്രുവരി 18നും. കൊല്ലത്തെ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അത്. എം.വി.രാഘവനും എൻ.ശ്രീധരനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എൻ.ശ്രീധരൻ മരിച്ചു. അദ്ദേഹത്തിന്റെ സംസ്കാരത്തിന് എത്തിയ യെച്ചൂരി അന്ന് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

രാത്രിയിൽ തിരുവമ്പാടിയിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബുവിനൊപ്പം ജില്ലാകമ്മിറ്റി ഓഫീസിലെത്തി.

ചെറിയഹാളിലെ സെറ്റിയിലായിരുന്നു ഉറക്കം. 19ന് രാവിലെ കൊല്ലത്തേയ്ക്ക് പോയി. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മടങ്ങി.

1986ൽ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് രണ്ടാമത് ആലപ്പുഴയിലെത്തിയത്. 1988ൽ ആലപ്പുഴയിൽ നടന്ന 13-ാം പാർട്ടികോൺഗ്രസിൽ അന്ന് പോളിറ്റ് ബ്യൂറോയെ സഹായിക്കാൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ യെച്ചൂരിയെയും കാരാട്ടിനെയുമാണ് ചുമതലപ്പെടുത്തിയത്. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് യെച്ചൂരി വന്നപ്പോഴെല്ലാം സി.ബി.ചന്ദ്രബാബു സഹചാരിയായി.കെ.വി.സുധാകരനും അഡ്വ. ബി.രാജേന്ദ്രനുമായിരുന്നു അന്നത്തെ പരിഭാഷകർ. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് അവസാനം പങ്കെടുത്തത്. ഇനിയും വരും കാണാം എന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്.

Advertisement
Advertisement