അരവിന്ദ് കേജ്‌രിവാളിന് തീഹാർ ജയിലിന് മുന്നിൽ വൻ സ്വീകരണം, എത്ര തകർക്കാൻ ശ്രമിച്ചാലും തകരില്ലെന്ന് ആദ്യ പ്രതികരണം

Friday 13 September 2024 7:07 PM IST

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിൽമോചിതനായി. ജയിലിന് പുറത്ത് പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന് വൻ സ്വീകരണം നൽകി. എത്ര തകർക്കാൻ ശ്രമിച്ചാലും തകരില്ലെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. ആദ്യമായി ആരുടെ അനുഗ്രഹത്താൽ ഞാൻ ഇവിടെ നിൽക്കുന്നോ ആ ദൈവത്തോട് ഞാൻ നന്ദി പറയുന്നു. ഈ കനത്ത മഴയത്തും ഇവിടെയെത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് ഞാൻ നന്ദി പറയുന്നു. തന്റെ മനോവീര്യം മുൻപത്തേതിലും ഉയർന്നതാണെന്നും ജയിലുകൾക്ക് തന്നെ ദുർബലപ്പെടുത്താൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ രജിസറ്റർ ചെയ്ത കേസിൽ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാൻ ഇടയില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് സൂര്യകാന്ത് ആണ് ജാമ്യം അനുവദിച്ചത്. സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് കേജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് തീരുമാനം.

ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായിരുന്നില്ല. താൻ ഇഡി കസ്റ്റഡിയിലിരിക്കെ ജാമ്യം ലഭിക്കേണ്ട സാഹചര്യത്തിൽ സിബിഐ മുൻകൂട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് അന്വേഷണം നടത്തിയ കേസിൽ തന്നെ പ്രതിയാക്കി പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന കാര്യങ്ങളാണ് ഹർജിയിൽ കേജ്രിവാൾ ഉന്നയിച്ചിരുന്നത്. ഇതിനോടൊപ്പം ജാമ്യ അപേക്ഷയും നൽകിയിരുന്നു.

നിലവിലുള്ള നിയമ സംഹിത അനുസരിച്ച് കേജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണോ എന്ന കാര്യമാണ് കോടതി ആദ്യം പരിശോധിച്ചത്. അറസ്റ്റ് നിയമ വിധേയമായിരുന്നു എന്നാണ് കണ്ടെത്തൽ. ഒരു വ്യക്തി എന്ന കാര്യം പരിഗണിച്ച് അദ്ദേഹത്തെ ഏറെനാൾ ജയിലിലിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

നീതീകരിക്കാനാകാത്ത അറസ്റ്റായിരുന്നു എന്നാണ് ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ അറിയിച്ചത്. കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് ഭുയ്യാൻ അറിയിച്ചു.

Advertisement
Advertisement