ജെ.സി.ബി പുരസ്‌കാര ലോങ്ങ്ലിസ്റ്റിൽ ഇടംനേടി മലയാളം നോവലും

Saturday 14 September 2024 9:45 PM IST

2024-ലെ ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിനുള്ള (ജെ.സി.ബി പ്രൈസ് 2024) പത്ത് പുസ്തകങ്ങളുടെ ലോംഗ് ലിസ്റ്റിൽ ഇടംപിടിച്ച് മലയാള നോവലും. മലയാളി നോവലിസ്റ്റ് സന്ധ്യാ മേരിയുടെ 'മരിയ ജസ്റ്റ് മരിയ" എന്ന നോവലാണ് പുരസ്കാരത്തിനായുള്ള ലോംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം വർഷമാണ് ജയശ്രീ വിവർത്തനം ചെയ്ത പുസ്തകം ജെ.സി.ബി പുരസ്കാര പട്ടികയിൽ ഇടം നേടുന്നത്. ഇംഗ്ലീഷിലെഴുതിയ അഞ്ച് പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള അഞ്ച് പുസ്തകങ്ങളുമാണ് ഇത്തവണ പുരസ്കാരത്തിനുള്ള പട്ടികയിലുള്ളത്. വിവർത്തനം ചെയ്യപ്പെട്ടവയിൽ ബംഗാളി (2), മറാത്തി (2), മലയാളം (1) പുസ്തകങ്ങളാണ് ഉൾപ്പെട്ടിട്ടുണ്ട്.

ജെ.സി.ബി പുരസ്കാരം

ഇന്ത്യൻ എഴുത്തുകളെ കൂടുതൽ ജനകീയമാക്കാനും ലോകമെമ്പാടുമുള്ള വായനക്കാർക്ക് സമകാലിക ഇന്ത്യൻ എഴുത്തിനെ പരിചയപ്പെടുത്തുകയുമാണ് ജെ.സി.ബി പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ജെ.സി.ബി സാഹിത്യ അവാർഡാണ് 2018ലാണ് നൽകിത്തുടങ്ങിയത്. ഇംഗ്ലീഷിലുള്ള ഒരു ഇന്ത്യൻ എഴുത്തുകാരന്റെ അല്ലെങ്കിൽ ഒരു ഇന്ത്യൻ എഴുത്തുകാരൻ വിവർത്തനം ചെയ്‌ത വിശിഷ്ട ഫിക്ഷൻ സൃഷ്ടികൾക്ക് പ്രതിവർഷം 25 ലക്ഷം രൂപ സമ്മാനം നൽകുന്നു . 'ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ സമ്മാനം" എന്നാണ് ജെ.സി.ബി പുരസ്കാരത്തെ വിശേഷിപ്പിക്കുന്നത്. വിവർത്തനകൃതിയാണ് പുരസ്കാരത്തിനർഹമാവുന്നതെങ്കിൽ 10 ലക്ഷം വിവർത്തകർക്കാണ് ലഭിക്കുക. അതോടൊപ്പം തന്നെ അന്തിമപ്പട്ടികയിലെത്തുന്ന നോവലുകൾക്ക് ഓരോ ലക്ഷം രൂപ വീതവും, വിവർത്തകർക്ക് 50,000രൂപ വീതവും സമ്മാനമായി ലഭിക്കും.

കവിയും വിവർത്തകനുമായ ജെറി പിന്റോയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. വിവർത്തകനും പണ്ഡിതനുമായ ത്രിദിപ് സുഹൃദ്, കലാചരിത്രകാരിയും ക്യുറേറ്ററുമായ ദീപ്തി ശശിധരൻ, ചലച്ചിത്രകാരൻ ഷൗനക് സെൻ ചിത്രകാരൻ അക്വി താമി എന്നിവരാണ് ജൂറി അംഗങ്ങൾ. പതിനാറ് സംസ്ഥാനങ്ങളിലെ ഏഴുഭാഷകളിൽ നിന്നും വിവർത്തനം ചെയ്യപ്പെട്ട കൃതികളാണ് ഇത്തവണ ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അഞ്ച് പുസ്തകങ്ങളുടെ ഷോർട്ട്‌ലിസ്റ്റ് ഒക്ടോബർ 23-നും തുടർന്ന് വിജയിയെ നവംബർ 23-നും പ്രഖ്യാപിക്കും.

മരിയ

വെറും മരിയ

കേരളത്തിലെ ഒരു സിറിയൻ ക്രിസ്ത്യൻ പെൺകുട്ടിയായ മരിയ തന്റെ മുത്തച്ഛന്റെ മരണശേഷം അവൾ തന്റെ ഭൂതകാലത്തെ ഓർമ്മിക്കുന്നു. മരിയയുടെ ഉജ്ജ്വലമായ ഓർമ്മകളിലൂടെ, ലോകത്ത് തന്റെ ഇടം തേടുന്ന ഒരു സ്ത്രീയുടെ അതിമനോഹരമായ കഥയാണ് നോവൽ.

എഴുത്തുകാരിയും വർഷങ്ങളായി മാദ്ധ്യമ പ്രവർത്തകയുമാണ് സന്ധ്യാ മേരി. 'ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാന കാലങ്ങൾക്കിടയിൽ" എന്നതാണ് ആദ്യത്തെ ചെറുകഥാസമാഹാരം. 2018-ൽ പുറത്തിറങ്ങിയ 'മരിയ വെറും മരിയ" ആദ്യത്തെ നോവൽ ആണ്.

ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവൽ. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. സമകാലിക സമൂഹത്തെ നിർവചിക്കുന്ന സാധാരണ-അസ്വാഭാവികം, സ്വാഭാവിക-മനുഷ്യൻ, പ്രണയം-വെറുപ്പ് തുടങ്ങിയ ആശയങ്ങളുടെ ഉൾക്കാഴ്ചയും നർമ്മവും നിറഞ്ഞതാണ് നോവൽ. ഈ ലോകത്ത് തന്റെ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ കഥ. അതാണ് ഈ നോവലിലൂടെ ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്.

മലയാളത്തിൽ

നിന്ന് ഇതുവരെ

മലയാളത്തിൽ നിന്ന് ഇതുവരെ മൂന്ന് എഴുത്തുകാരാണ് ജെ.സി.ബി പുരസ്കാരം നേടിയിട്ടുള്ളത്. 2018-ൽ ബെന്യാമിന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകൾ", 2020-ൽ എസ് ഹരീഷിന്റെ 'മീശ", 2021-ൽ എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ തുടങ്ങിയ പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗൻെറ ‘ആളണ്ട പാച്ചി’ എന്ന പുസ്തകത്തിൻെറ ഇംഗ്ലീഷ് വിവർത്തനമായ ‘ഫയർ ബേർഡി’നായിരുന്നു പുരസ്കാരം. ജനനി കണ്ണനാണ് പുസ്തകം തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

ലോങ് ലിസ്റ്റിൽ ഇടം

പിടിച്ച മറ്റ് പുസ്തകങ്ങൾ

 ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്, (സഹാരു നുസൈബ കന്നനാരി).

 ഹുർദ, (അഥർവ പണ്ഡിറ്റ്)

 ഓഫ് മദേഴ്സ് ആൻഡ് അദർ പെരിഷബിൾസ്, (രാധിക ഒബ്‌റോയ്)

. ലോറൻസോ സെർച്ചസ് ഫോർ ദ മീനിംഗ് ഓഫ് ലൈഫ് (ഉപമന്യൂ ചാറ്റർജി)

 ദി ഡിസ്റ്റേസ്റ്റ് ഓഫ് ദ എർത്ത്, (കിൻഫം സിംഗ് നോങ്കിനൃഹ്)

 തലാശ്നാമ : ദ ക്വസ്റ്റ്, ഇസ്മായിൽ ദർബേശ് (ബംഗാളിയിൽ നിന്ന് വിവർത്തനം ചെയ്തത് വി.രാമസാമി)

 സനാതൻ, ശരൺകുമാർ ലിംബാളെ (മറാത്തിയിൽ നിന്ന് വിവർത്തനം ചെയ്തത് പരോമിത സെൻഗുപ്ത)

 ലീഫ്, വാട്ടർ, ആൻഡ് ഫ്‌ളോ, അവധൂത് ഡോങ്കറേ (മറാത്തിയിൽ നിന്ന് വിവർത്തനം ചെയ്തത് നദീം ഖാൻ)

 ദ വൺ ലെജൻഡ്, സഖ്യജിത് ഭട്ടാചാര്യ (ബംഗാളിയിൽ നിന്ന് വിവർത്തനം ചെയ്തത് റിതുപർണ മുഖർജീ)

Advertisement
Advertisement