ആൻഡമാൻ തലസ്ഥാനം, പോർട്ട്ബ്ളെയർ ഇനി ശ്രീ വിജയപുരം

Saturday 14 September 2024 4:04 AM IST

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്ന് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനി നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിന്റെ ഓർമ്മയ്‌ക്കാണ് പോർട്ട്ബ്ളെയർ എന്ന് പേരിട്ടത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ വിജയത്തിന്റെ പ്രതീകമായാണ് വിജയപുരം എന്ന പേരിട്ടത്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവികത്താവളമായിരുന്ന ദ്വീപിൽ ഇന്ന് രാജ്യത്തിന്റെ തന്ത്രപരവും വികസനപരവുമായ മാറ്റങ്ങൾ നടക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ദേശീയ പതാക ആദ്യമായി അവതരിപ്പിച്ചതും വീർ സവർക്കർ അടക്കം സ്വാതന്ത്ര്യസമര സേനാനികളെ പാർപ്പിച്ച സെല്ലുലാർ ജയിലും ഇവിടെയാണെന്ന് അമിത് ഷാ പറഞ്ഞു.

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആൻഡമാനിലെ 21 വലിയ ദ്വീപുകൾക്ക് പരമവീരചക്ര പുരസ്‌കാര ജേതാക്കളുടെ പേരു നൽകിയിരുന്നു. റോസ് ഐലൻഡ്സ് എന്നറിയപ്പെട്ടിരുന്ന ദ്വീപിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരാണ് നൽകിയത്. തദ്ദേശീയരായ ഷോംപെൻ ഗോത്ര പുനരധിവാസം അടക്കം 72,000 കോടി രൂപയുടെ വികസന പദ്ധതികളും കേന്ദ്രസർക്കാർ ഇവിടെ നടപ്പാക്കുന്നുണ്ട്.