നിലപാടിൽ ഉറച്ചു നിന്ന പോരാളി

Saturday 14 September 2024 12:17 AM IST

ന്യൂഡൽഹി: ബി.ജെ.പിയെ തുറന്നെതിർത്ത പോരാളിയെയാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ സി.പി.എമ്മിന് നഷ്‌ടമായത്. നിലപാടുകൾ അത്ര തെളിമയുള്ളതായിരുന്നു.

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് പേരിൽ 'സീതാറാം" ഉള്ള യെച്ചൂരിയെ ക്ഷണിച്ചിരുന്നു. എന്നാൽ,മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിന് സി.പി.എം നിന്നുകൊടുക്കില്ലെന്നും അദ്ദേഹം നിലപാടെടുത്തു. സ്വന്തം പേരിനെ തന്നെ യെച്ചൂരി വെറുക്കുകയാണെന്നും അങ്ങനെയുള്ള ഒരാൾക്ക് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ മാത്രമേ ഉറച്ചുനിൽക്കാൻ കഴിയൂവെന്നും വിശ്വഹിന്ദുപരിഷത്ത് രൂക്ഷ വിമർശനമുന്നയിച്ചപ്പോഴും അദ്ദേഹം കുലുങ്ങിയില്ല.

ബി.ജെ.പി സർക്കാർ പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് നിരന്തരം വിമർശിച്ചു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രധാന നാവായി. കർഷക പ്രക്ഷോഭം,പൗരത്വ നിയമഭേദഗതി,മണിപ്പൂർ സംഘർഷം തുടങ്ങി രാജ്യം കണ്ട നിർണായക പ്രശ്‌നങ്ങളിൽ ശക്തമായ നിലപാടുമായി യെച്ചൂരി മുന്നിലുണ്ടായിരുന്നു. ഗാസ കൂട്ടക്കൊലയെ അപലപിച്ചു. 'ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ്" ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞു.

ബോണ്ട് സംഭാവന വേണ്ട

തിരഞ്ഞെടുപ്പ് ബോണ്ട് രാഷ്ട്രീയ അഴിമതിയാണെന്നും പാർട്ടിക്ക് അത്തരത്തിൽ സംഭാവന വേണ്ടെന്നും അദ്ദേഹം നിലപാടെടുത്തു. സുപ്രീംകോടതിയിൽ പോരാടി. ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത കോടതി വിധിച്ചപ്പോൾ പദ്ധതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാട് അംഗീകരിക്കപ്പെട്ടു.

തിരുത്തൽ ശക്തി

സംഘടനാതലത്തിലും ജനസ്വാധീനത്തിലും രാജ്യത്ത് ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഇടതുപക്ഷ പ്രസ്ഥാനമാണ് സി.പി.എം. തിരഞ്ഞെടുപ്പ് വിജയവും വൻതിരിച്ചടികളും പരിശോധിക്കാൻ പാർട്ടിക്ക് ഉറച്ച സംവിധാനമുണ്ട്. എന്നിട്ടും കേരളത്തിലേത് അടക്കം വിവാദങ്ങളിൽ പലപ്പോഴും കാഴ്ചക്കാരായി പാർട്ടി കേന്ദ്ര നേതൃത്വം നിൽക്കുന്നെന്ന് ആക്ഷേപമുയർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടി യെച്ചൂരിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രകമ്മിറ്റി പരിശോധിച്ചു.

കേരളത്തിലെ പാർട്ടിയുടെ അടിത്തറയിൽ വിള്ളൽ വീണെന്നും അടിസ്ഥാനവോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയെന്നും കേന്ദ്രകമ്മിറ്രി വിലയിരുത്തി. മുകൾത്തട്ടിലെ നേതാക്കളുടെ മുതൽ താഴെത്തട്ടിലുള്ളവരുടെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും ഈ പ്രവണതകളും അവസാനിപ്പിച്ചേ തീരൂവെന്നും യെച്ചൂരി നിർദ്ദേശിച്ചു.