നോൺ - വെജ് കൊണ്ടുവന്ന മൂന്നാം ക്ലാസുകാരനെ സസ്‌പെൻഡ് ചെയ്‌ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

Saturday 14 September 2024 7:48 AM IST

അംരോഹ: ക്ലാസില്‍ നോണ്‍ -വെജ് ഭക്ഷണം കൊണ്ടുവന്നതിന് മൂന്നാം ക്ലാസുകാരനെ സസ്പെന്‍ഡ് ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണം നടത്താൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അംരോഹ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ അംരോഹയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ഹിൽട്ടൺ കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ അവിനാഷ് കുമാർ ശർമയോട് ജില്ലാ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാംസാഹാരം കൊണ്ടുവന്നതിനെ ചൊല്ലി പ്രിൻസിപ്പലും കുട്ടിയുടെ അമ്മയും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുസ്ലിം സമുദായത്തിൽപ്പെട്ട കുട്ടി സ്‌കൂളിൽ മതപരമായ പരാമർശങ്ങൾ നടത്താറുണ്ടെന്നും ദിവസവും നോൺ വെജ് ഭക്ഷണം കൊണ്ടുവരാറുണ്ടെന്നും പ്രിൻസിപ്പൽ ആരോപിച്ചു.

''ക്ഷേത്രങ്ങള്‍ പൊളിക്കുന്ന, സ്കൂളില്‍ നോണ്‍ -വെജ് ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയുടെ അമ്മയോട് പറഞ്ഞു. സഹപാഠികൾക്ക് നോൺ - വെജ് ഭക്ഷണം കൊടുക്കുന്നതിനെ കുറിച്ചും അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ കുറിച്ചും വിദ്യാർത്ഥി സംസാരിച്ചതായും സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.

വിഷയത്തിൽ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് കുമാർ ത്യാഗിയോട് എൻസിപിസിആർ വ്യാഴാഴ്ച ഉത്തരവിട്ടത്. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥിയുടെ മൂന്ന് സഹോദരങ്ങളും അതേ സ്കൂളില്‍ പഠിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. “അന്ന് സ്കൂളിൽ സംഭവിച്ചത് എന്റെ കുട്ടികളെ വളരെയധികം ഉലച്ചിരിക്കുന്നു, അവർ ഇപ്പോൾ സ്കൂളിൽ പോകാൻ പോലും ഭയപ്പെടുന്നു. എന്റെ മക്കൾക്ക് നീതി തേടി ഞാൻ കോടതിയെ സമീപിക്കും ”, കുട്ടിയുടെ അമ്മ പറഞ്ഞു.