യാത്രക്കാർക്ക് കോളടിച്ചു; വെറും 30 രൂപ മുടക്കിയാൽ വന്ദേ മെട്രോയിൽ പറക്കാം, ആദ്യ സർവീസ് 16ന്

Saturday 14 September 2024 9:51 AM IST

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഗുജറാത്തിലെ ഭുജിനും അഹമ്മദാബാദിനും ഇടയിലാണ് ആദ്യ വന്ദേ ഭാരത് മെട്രോ സർവീസ് ആരംഭിക്കുന്നത്. 2024 സെപ്റ്റംബർ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും.

വന്ദേ ഭാരത് മെട്രോ ഭുജ് സ്റ്റേഷനിൽ നിന്ന് രാവിലെ 5:05 ന് പുറപ്പെട്ട് 10:50 ന് അഹമ്മദാബാദിലെത്തും. മടക്കയാത്രയിൽ, അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 5:30 ന് പുറപ്പെട്ട് രാത്രി 11:10 ന് ഭുജിലെത്തും. ആദ്യഘട്ടത്തിൽ ട്രെയിനിന് ഒമ്പത് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. അഞ്ജർ, ഗാന്ധിറാം, ഭചൗ, സമഖിയാലി, ഹൽവാദ്, ധ്രംഗധ്ര, വിരംഗം, ചന്ദ്‌ലോദിയ, സബർമതി വഴിയിലുടനീളം, ഓരോന്നിനും ശരാശരി രണ്ട് മിനിറ്റോളമാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

യാത്രക്കാർ നൽകേണ്ട മിനിമം നിരക്ക് 30 രൂപയാണ്. ഒറ്റ യാത്രകൾക്ക്, ആഴ്ചയിലൊരിക്കൽ, രണ്ടാഴ്ചയിലൊരിക്കൽ, പ്രതിമാസ സീസൺ ടിക്കറ്റുകൾക്ക് യഥാക്രമം 7 രൂപ, 15 രൂപ, 20 രൂപ എന്നിങ്ങനെയാണ് നിരക്ക്. അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഓടിയെത്തും. ഭുജിനും അഹമ്മദാബാദിനും ഇടയിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പുതിയ മെട്രോ സർവീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരളം ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഉടൻ വന്ദേ മെട്രോ സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വച്ചാണ് വന്ദേ മെട്രോ നിർമ്മിച്ചത്. ഇതിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ മാസമാണ് നടന്നത്.

നിലവിൽ ഇന്ത്യൻ റെയിൽവെയുടെ കീഴിൽ സർവീസ് നടത്തുന്ന മെമു വണ്ടികളുടെ പരിഷ്‌കൃത രൂപമാണ് വന്ദേമെട്രോ. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് വന്ദേ മെട്രോ വാഗ്ദാനം ചെയ്യുന്നത്. 130 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ ട്രെയിനിലെ ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനും സാധിക്കും. തീവണ്ടികൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.