വിജയ്‌യുടെ അവസാന നായിക പൂജ ഹെഗ്‌ഡെ, വില്ലൻ ബോബി ഡിയോൾ

Sunday 15 September 2024 6:01 AM IST

വിജയ്‌യുടെ അവസാന ചിത്രമായി ഒരുങ്ങുന്ന ദളപതി 69ൽ നായിക പൂജ ഹെഗ് ഡെ . എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ പ്രതിനായകനായി എത്തുന്നു. സൂര്യ ഇരട്ട വേഷത്തിൽ എത്തുന്ന കങ്കുവ എന്ന ചിത്രത്തിലും ബോബി ഡിയോളാണ് പ്രതിനായകൻ.ഒക്ടോബർ മൂന്നാം വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു. കെ.വി.എൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അഭിനയം ഉപേക്ഷിക്കുന്നതിനാൽ വിജയ്‌യുടെ സിനിമകളിൽ നിന്നുള്ള രംഗങ്ങളും ആരാധകർക്കൊപ്പമുള്ള നിമിഷങ്ങളും ഉൾക്കൊള്ളിച്ച് വൈകാരിക വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിജയ്‌യുടെ ഓരോ സിനിമയും ആഘോഷമാക്കുന്ന ആരാധകർ, താരത്തിന്റെ അവസാന ചിത്രം മറക്കാനാവാത്ത അനുഭവമാക്കാനാണ് ഒരുങ്ങുന്നത്. ഇടവേള നൽകാതെ അടുത്ത സിനിമയിലേക്ക് വിജയ് പ്രവേശിക്കുന്നത് കരിയറിൽ ആദ്യമാണ്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ എത്തിയ വിജയ് ചിത്രം ഗോട്ട് തിയേറ്ററിലുണ്ട്. മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്‌മൽ അമീർ, മോഹൻ, യോഗിബാബു, വി.ടി.വി ഗണേഷ്, സ്‌നേഹ, ലൈല, പാർവതി നായർ തുടങ്ങി വൻ താരനിരയാണ് ഗോട്ടിൽ അണിനിരന്നത്.