 ട്രംപിനും കമലയ്ക്കും വിമർശനം വോട്ടർമാർ തിന്മ കുറഞ്ഞത് തിരഞ്ഞെടുക്കൂ: മാർപാപ്പ

Sunday 15 September 2024 4:30 AM IST

വത്തിക്കാൻ: യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. രണ്ട് പേരും ജീവിതത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. നവംബറിലെ തിരഞ്ഞെടുപ്പിൽ 'തിന്മ കുറഞ്ഞതിനെ" തിരഞ്ഞെടുക്കണമെന്ന് കത്തോലിക്കാ വോട്ടർമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തെയും ഗർഭച്ഛിദ്ര അവകാശം ഉറപ്പാക്കുമെന്ന കമലയുടെ നിലപാടിനെയുമാണ് മാർപാപ്പ സൂചിപ്പിച്ചത്.'കുടിയേറ്റക്കാരെ സ്വീകരിക്കാത്തത് മഹാപാപമാണ്. ഗർഭച്ഛിദ്രം കൊലപാതകമാണ്.'- അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

'കുടിയേറ്റക്കാരെ പുറത്താക്കുന്നതായാലും കുഞ്ഞുങ്ങളെ കൊല്ലുന്നതായാലും ജീവിതത്തിന് എതിരാണ്. അമേരിക്കക്കാർ വോട്ട് ചെയ്യണം. തിന്മ കുറഞ്ഞത് ആരാണ് ? ആ സ്ത്രീയോ,​ അതോ പുരുഷനോ. തനിക്കറിയില്ല. മനഃസാക്ഷിയോട് ആലോചിച്ച് തീരുമാനിക്കണം.- അദ്ദേഹം പറഞ്ഞു.വെള്ളിയാഴ്ച സിംഗപ്പൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാർപാപ്പ. അമേരിക്കൻ ജനസംഖ്യയിൽ ഏകദേശം 22 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്. നവംബർ 5നാണ് യു.എസ് തിരഞ്ഞെടുപ്പ്. 12 ദിവസത്തെ തെക്കു കിഴക്കൻ ഏഷ്യ - ഓഷ്യാനിയ പര്യടനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയ അദ്ദേഹം ഇന്നലെ റോമിൽ തിരിച്ചെത്തി. ഇൻഡോനേഷ്യ, പാപ്പുവ ന്യൂഗിനി, റ്റിമോർ - ലെസ്റ്റെ എന്നിവിടങ്ങളും സന്ദർശിച്ചു.

 നിലപാടിൽ ഉറച്ച് ട്രംപ്

ജയിച്ചാൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ആവർത്തിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. ഒഹായോയിലെ സ്‌പ്രിംഗ്ഫീൽഡിൽ ഇതിന് തുടക്കമിടുമെന്നും പറഞ്ഞു. സ്‌പ്രിംഗ്ഫീൽഡിൽ ഹെയ്‌ത്തിയൻ കുടിയേ​റ്റക്കാർ പ്രദേശവാസികളുടെ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസുമായി നടത്തിയ സംവാദത്തിനിടെ പറഞ്ഞ ഈ പ്രസ്താവന തെറ്റാണെന്ന് അധികൃതർ പറയുന്നു.