പ്രധാനമന്ത്രിയുടെ ഉറപ്പ്, ജമ്മു കാശ്‌മീരിന് സംസ്ഥാന പദവി

Sunday 15 September 2024 12:00 AM IST

ന്യൂഡൽഹി: പ്രതിപക്ഷത്തിന് പിന്നാലെ ജമ്മു കാശ്മീരിന് പൂർണ സംസ്ഥാനപദവി വാഗ്‌ദാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിൽ ഭീകരത അന്ത്യശ്വാസം വലിക്കുകയാണെന്നും ദോഡ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. 18ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കാശ്മീരിലെ മോദിയുടെ ആദ്യ റാലിയാണിത്.

സ്വാതന്ത്ര്യാനന്തരം ജമ്മു കാശ്മീരിനെ വിദേശശക്തികൾ ലക്ഷ്യമിട്ടു. പിന്നീട് മനോഹരമായ ഈ പ്രദേശത്തെ കുടുംബരാഷ്ട്രീയം കരണ്ടുതിന്നു. രാഷ്ട്രീയകുടുംബങ്ങൾ പുതിയ നേതൃത്വത്തെ വളർത്താതെ അവരുടെ മക്കളെ ഉയർത്തിക്കാട്ടി. എന്നാൽ 2014 മുതൽ ബി.ജെ.പി യുവനേതൃത്വത്തെ രൂപപ്പെടുത്തുകയാണ്. ബി.ജെ.പിയുടെ ദൃഢനിശ്ചയവും ജനപിന്തുണയും കാശ്മീരിനെ സമാധാന-സുരക്ഷിത- സമൃദ്ധ പ്രദേശമാക്കുമെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച മോദി നഫ്രത് കി ദുകാൻ (വിദ്വേഷത്തിന്റെ കടകൾ) നടത്തുന്നവർ മൊഹബത് കി ദുകാൻ (സ്‌നേഹത്തിന്റെ കട) എന്ന ബോർഡുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കോൺഗ്രസും പി.ഡി.പിയും നാഷണൽ കോൺഫറൻസും ആഗ്രഹിക്കുന്നു. മൂന്നു കുടുംബങ്ങളും മലനിരവാസികളുടെ സംവരണം വീണ്ടും തട്ടിയെടുക്കും. അവർ വന്നാൽ സ്‌കൂളുകൾ വീണ്ടും കത്തിക്കും. കുട്ടികളുടെ കയ്യിൽ കല്ലുണ്ടാകും, സമരങ്ങളുണ്ടാകും. തെറ്റായ പ്രവൃത്തികൾ മറയ്ക്കാൻ പ്രതിപക്ഷം ഭരണഘടനാ സ്നേഹം നടിക്കുകയാണ്. കാശ്‌മീരിൽ പഹാഡി, എസ്‌.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നിഷേധിച്ചെന്നും മോദി വിമർശിച്ചു.

7 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ

കാശ്മീരിന്റെ വിദൂരഭാഗങ്ങളെ കേന്ദ്ര സർക്കാർ റെയിൽവഴി ബന്ധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കുടുംബത്തിനും അഞ്ചുലക്ഷം രൂപ വരെ സൗജന്യചികിത്സ ലഭ്യമാക്കി. ദരിദ്രകുടുംബങ്ങൾക്ക് ഏഴ് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും മുതിർന്ന വനിതാ അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ പ്രതിവർഷം 18,000 രൂപയും ലഭ്യമാക്കും. കർഷകർക്കുള്ള പ്രധാനമന്ത്രി സമ്മാൻ നിധി 10,000 രൂപയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement