വീട്ടിൽകയറി അതിക്രമം: പ്രതി പിടിയിൽ

Sunday 15 September 2024 12:33 AM IST

കടയ്ക്കാവൂർ: വക്കം ഇറങ്ങുകടവിൽ വീട്ടിൽ അതിക്രമിച്ചുകയറി ജനലും വാതിലും വീട്ടുപകരണങ്ങളും വെട്ടി നശിപ്പിച്ച ആളെ പൊലീസ് പിടികൂടി. വക്കം ഇറങ്ങുകടവിൽ രഞ്ജിത്ത് (36,ചന്തു) ആണ് പിടിയിലായത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇറങ്ങുകടവിലുള്ള പ്രതാപന്റെ വീട്ടിലാണ് രഞ്ജിത്ത് അതിക്രമം നടത്തിയത്. പ്രതി സമാനമായ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വക്കത്ത് പൊതുപ്രവർത്തകയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന് കടയ്ക്കാവൂർ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. സമാനമായ കേസിൽ മൂന്ന്മാസത്തോളം ജയിൽശിക്ഷയും അനുഭവിച്ചിണ്ട്. പ്രതാപന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അക്രമിച്ചശേഷം കായലിൽ ചാടിരക്ഷപെടാൻ ശ്രമിക്കവെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. കടയ്ക്കാവൂർ എസ്.ഐ മനുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയപ്രസാദ്, ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ സുജിൽ, അനിൽ, ആദർശ്, സുരാജ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.