കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം, മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Saturday 14 September 2024 10:52 PM IST

കൊല്‍ക്കത്ത: രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവച്ച കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ആണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിലും സിബിഐ നേരത്തെ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു.

താല പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അഭിജിത് മോണ്ടോലും അറസ്റ്റിലായി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും തെളിവുകള്‍ നശിപ്പിച്ചതിനുമാണ് അറസ്റ്റ്. സന്ദീപ് ഘോഷും അന്വേഷണ ഉദ്യോഗസ്ഥനും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

അതേസമയം, ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മുഖ്യമന്ത്രി മമത ബാനര്‍ജി സമരപന്തലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായിട്ടാണ് തന്റെ കൂടിക്കാഴ്ചയെന്നും അവര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലല്ല മറിച്ച് ദീദി എന്ന നിലയിലാണ് നിങ്ങളുടെ അടുത്ത് വന്നതെന്നും മമത പ്രതികരിച്ചു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ഉറപ്പ് നല്‍കി.

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായി ഡോക്ടര്‍മാരെ നിരന്തരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അവര്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്നാണ് മമത, രാജിക്കും തയ്യാറാണെന്ന് പ്രതികരിച്ചത്. ഡോക്ടര്‍മാരെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരുന്നു. രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്.