വീട്ടമ്മയെ ഭയപ്പെടുത്തി 50 ലക്ഷം തട്ടി; രണ്ടു സ്ത്രീകൾ അറസ്റ്റിൽ

Sunday 15 September 2024 1:22 AM IST

പത്തനംതിട്ട: സൈബർ തട്ടിപ്പുകാർ ആധാർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയിൽനിന്നും 50ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു സ്ത്രീകളെ കോയിപ്രം പൊലീസ് പിടികൂടി. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറയിൽ കുന്നത്ത് കരുന്തയിൽ ശാരദാമന്ദിരം വീട്ടിൽ നിന്നും രാമനാട്ടുകര വില്ലേജിൽ ഫാറൂഖ് കോളേജ് കൊക്കിവളവ് കണക്കയൽതാഴം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി.പ്രജിത(41), കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറയിൽ കൊളത്തറ താഴം ചേരിൽ വീട്ടിൽ നിന്നും, ചെറുകാവ് വില്ലേജിൽ വൈദ്യരങ്ങാടി ഐക്കരപ്പടി നീലിപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനൗസി (35) എന്നിവരെയാണ് കോഴിക്കോട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വെണ്ണിക്കുളം വെള്ളാറ മലയിൽ പറമ്പിൽ വീട്ടിൽ സാം തോമസിന്റെ ഭാര്യ ശാന്തി സാം(56) ആണ് സൈബർ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ജൂൺ 19 മുതൽ ജൂലായ് 8 വരെയുള്ള കാലയളവിലാണ് ഇവർക്ക് പണം നഷ്ടമായത്. വീട്ടമ്മയ്ക്ക് നഷ്ടമായ തുകയിൽ നിന്നും പത്തു ലക്ഷം രൂപ കോഴിക്കോട് രാമനാട്ടുകര എസ്.ബി.ഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പ്രജിത പിൻവലിച്ച ശേഷം രണ്ടാം പ്രതിയും സുഹൃത്തുമായ ഷാനൗസിക്ക് കൈമാറി. വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ഭീഷണിപ്പെടുത്തി അതിവിദഗ്ദ്ധമായാണ് പ്രതികൾ ഇത്രയും രൂപ തട്ടിയെടുത്തത്. ഐ.ടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു ശാന്തി സാം.
ഇവരുടെ പേരിലുള്ള നാലോളം അക്കൗണ്ടുകളിൽ നിന്നും ലക്നൗ പൊലീസാണെന്നും സി.ബി.ഐ ആണെന്നും പറഞ്ഞാണ് തുക തട്ടിയെടുത്തത്. ഇവർ അക്കൗണ്ടുകളിലേക്ക് തുക ഇട്ടാൽ ഓഡിറ്റ് നടത്തി എന്നതരത്തിൽ രസീത് വീട്ടമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് നൽകിയ പണം ബങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും പറഞ്ഞു. ഇത്തരത്തിൽ 49,03,500 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. ഇടയ്ക്ക് രണ്ടുതവണയായി 2,70,000, 1,90,000 എന്നിങ്ങനെ തുകകൾ ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ട് കൊടുത്തു വിശ്വാസ്യത നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു.

Advertisement
Advertisement