അന്ത്യയാത്രാമൊഴിയുമായി 'ഇന്ത്യ' സഖ്യ നേതാക്കൾ

Sunday 15 September 2024 12:42 AM IST

ന്യൂഡൽഹി : ബി.ജെ.പിയെ എതിരിടാൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഒറ്ര പ്ലാറ്റ്ഫോമിൽ അണിനിരത്തി 'ഇന്ത്യ' സഖ്യം രൂപീകരിക്കുന്നതിൽ നെടുനായകത്വം വഹിച്ച ഇടതുനേതാവാണ് സീതാറാം യെച്ചൂരി. ഇന്നലെ ഡൽഹി എ.കെ.ജി ഭവനിൽ ഇന്ത്യ സഖ്യ നേതാക്കളെത്തി അന്തിമാഭിവാദ്യം അർപ്പിച്ചു. യെച്ചൂരിയെ അനുസ്‌മരിച്ചു. രാവിലെ 10.45ഓടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് ആദ്യമെത്തിയത്. കോൺഗ്രസിലെ പി.ചിദംബരം, അജയ് മാക്കൻ, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ്, രമേശ് ചെന്നിത്തല എന്നിവരും, ആം ആദ്മി പാർട്ടിയെ പ്രതിനിധീകരിച്ച് ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയും സഞ്ജയ് സിംഗ് എം.പിയുമെത്തി. യെച്ചൂരിയുടെ ഭാര്യ സീമ ചിസ്‌തിയെയും മക്കളെയും എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ ആശ്വസിപ്പിച്ചു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ആനിരാജ, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അഡ്വ. ഹാരിസ് ബീരാൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു. വിദേശസന്ദർശനത്തിലായതിനാൽ രാഹുൽ ഗാന്ധി എം.പി എത്തിയില്ല.

ഡി.എം.കെയിലെ മുതർന്ന നേതാക്കളായ ടി.ആർ. ബാലു, ദയാനിധി മാരൻ, കനിമൊഴി, തമിഴ്നാട് യുവജനക്ഷേമ - കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ, ആർ.ജെ.ഡി നേതാവ് മനോജ് കുമാർ ഝാ, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു.

പക്വതയുള്ള നേതാവിനെയാണ് നഷ്‌ടമായതെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേക സ്ഥാനമുള്ള നേതാവായിരുന്നു യെച്ചൂരിയെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ചിന്തകനും എഴുത്തുകാരനും കൂടിയായിരുന്ന യെച്ചൂരി, പുതുതലമുറ രാഷ്ട്രീയക്കാർക്ക് പ്രചോദനമായിരുന്നുവെന്ന് കനിമൊഴി അനുസ്‌മരിച്ചു. മറ്റുള്ളവർക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് കപിൽ സിബൽ പറഞ്ഞു.

Advertisement
Advertisement